ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർക്ക് ക്ഷാമം; മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം അവതാളത്തിൽ
text_fieldsതളിപ്പറമ്പ്: ആവശ്യത്തിന് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെ നിയമിക്കാത്തത് ജില്ലയിലെ മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ പ്രവർത്തനം താളം തെറ്റിക്കുന്നു. ക്ഷീര കർഷകരും ഓമന മൃഗങ്ങളെ വളർത്തുന്നവരുമാണ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ സേവനം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.
ജില്ലയിലെ 21 മൃഗസംരക്ഷണ കേന്ദ്രങ്ങളിലാണ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ ഒഴിവുള്ളത്. തലശേരി വെറ്ററിനറി പോളിക്ലിനിക്, ഉദയഗിരി, പാപ്പിനിശ്ശേരി വെറ്ററിനറി ഹോസ്പിറ്റൽ, പട്ടുവം മുറിയാത്തോട്, കൊപ്പാലം, കുറ്റ്യേരി, മാത്തിൽ, പാതിരിയാട്, എടൂർ, കൊളച്ചേരിമുക്ക്, മയ്യിൽ, പാവന്നൂർ മൊട്ട, കൊവ്വപ്പുറം, പെരുമ്പടവ്, പറശ്ശിനിക്കടവ് എന്നീ വെറ്ററിനറി ഡിസ്പെൻസറികളിലും പട്ടുവം പാലേരിപ്പറമ്പ്, മുഴക്കുന്ന്, കൊപ്പാലം, കണ്ണാടിപ്പറമ്പ്, അരോളി, തടിക്കടവ് എന്നീ വെറ്ററിനറി സബ്സെൻററുകളിലുമാണ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരില്ലാത്തത്.
ഇവിടങ്ങളിൽ നേരത്തേയുണ്ടായിരുന്നവരിൽ ഭൂരിഭാഗം ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്വന്തം നാട്ടിലേക്ക് സ്പെഷൽ ഡ്യൂട്ടി ഉത്തരവ് വാങ്ങി പോയിരിക്കുകയാണ്.
കന്നുകാലികൾക്ക് കൃത്രിമ ബീജധാനം യഥാസമയം നടത്തുന്നതും വളർത്തുനായ്ക്കൾക്കും തെരുവുനായ്ക്കൾക്കും പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതും പ്രതിസന്ധിയിലായിരിക്കുകയാണ്. ഒഴിവുകൾ അടിയന്തരമായി നികത്താനോ സ്പെഷൽ ഡ്യൂട്ടിയിൽ സ്വന്തം നാട്ടിൽ ജോലി ചെയ്യുന്നവരെ തിരിച്ചുവിളിക്കാനോ സർക്കാർ തയാറാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.