തളിപ്പറമ്പ് ലീഗിലെ ഭിന്നത; മുൻസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ച് അള്ളാംകുളം വിഭാഗം
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പ് മുസ്ലിം ലീഗിലെ ഭിന്നത പൊട്ടിത്തെറിയിലെത്തി. പാർട്ടിയിലെ കലാപം രൂക്ഷമായതോടെ മുനിസിപ്പൽ മുസ്ലിം ലീഗിനും, യൂത്ത് ലീഗിനും വനിതാ ലീഗിനും പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു കൊണ്ട് മഹമ്മൂദ് അള്ളാംകുളം വിഭാഗം വാർത്താ സമ്മേളനം നടത്തി.
വർഷങ്ങളായി തുടരുന്ന തളിപറമ്പിലെ സംഘടനാപ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ഒടുവിലായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി മൂന്ന് ദിവസം തളിപ്പറമ്പിൽ കേന്ദ്രീകരിച്ച് പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ 135 ഓളം ആളുകളെ നേരിൽ കണ്ട് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിനെ തുടർന്ന് തുടർച്ചയായുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം മുസ്ലിം ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മറ്റിയാണെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ നാല് വർഷമായി തളിപ്പറമ്പിലെ സംഘടനാ പ്രശ്നങ്ങളും, മഹല്ല്, വിദ്യാഭ്യാസ, മതസ്ഥാപനങ്ങളിലെ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കാത്ത കമ്മറ്റി പൂർണ പരാജയമാണെന്ന ജില്ലാ കമ്മറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന ഭാരവാഹികളായ വി.കെ. അബ്ദുൽ ഖാദർ മൗലവി, അബ്ദുറഹ്മാൻ കല്ലായി എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മറ്റി യോഗം ചേർന്ന് തളിപ്പറമ്പ് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയെ പിരിച്ചു വിടുകയും സമവായത്തിലൂടെ ഇരു വിഭാഗത്തിനും തുല്യ പ്രാതിനിധ്യം നൽകി പുതിയ കമ്മറ്റി രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.
സമവായത്തിലൂടെ കമ്മറ്റി വരാനുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കെയാണ് കഴിഞ്ഞ ദിവസം പാർട്ടി പത്രവുമായി ബന്ധപ്പെട്ട് മണ്ഡലം പ്രസിഡന്‍റ്, സെക്രട്ടറിമാരുടെ യോഗത്തിലേക്ക് തളിപ്പറമ്പിലെ പി.കെ. സുബൈറിന്‍റെ വിഭാഗത്തിൽ പെട്ട കുറച്ചു ആളുകൾ എത്തുകയും ജില്ലയിലെ നേതാക്കളെ ജില്ലാ കമ്മറ്റി ഓഫിസിൽ ബന്ദിയാക്കുകയും, തളിപ്പറമ്പിൽ പിരിച്ചു വിട്ട കമ്മറ്റി പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും ഇവർ പറഞ്ഞു. എന്നാൽ പിറ്റേ ദിവസം മാധ്യമങ്ങളിൽ പിരിച്ചു വിട്ട കമ്മറ്റി പുനരുജ്ജീവിപ്പിച്ചതായി വാർത്തകൾ വന്നു.
അതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ വിഭാഗത്തിന് ഔദ്യോഗികമായി അറിയിപ്പോ കത്തോ ലഭിച്ചിട്ടില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടത്തിയിട്ടിലെന്നും ഇത്തരമൊരു സാഹചര്യത്തിൽ ഈ തീരുമാനവുമായി പൊരുത്തപെട്ടു പോവാൻ തങ്ങൾക്ക് സാധ്യമല്ലെന്നും നേതാക്കാൾ പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി പി.കെ സുബൈറിന്‍റെ നേതൃത്വത്തിലുള്ള ഏകപക്ഷീയമായ പല നടപടികളും ഉണ്ടായപ്പോൾ പല തവണ മേൽഘടകങ്ങൾക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട നിക്ഷ്പക്ഷ അന്വേഷണം നടത്തുകയോ പരാതി മുഖവിലക്കെടുക്കുകയോ ചെയ്തിട്ടില്ല. ഞങ്ങൾക്ക് ഒരു തവണ പോലും നീതി ലഭിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർ മറ്റു പാർട്ടികളിലേക്ക് പോവാതിരിക്കാനാണ് പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾ നില നിർത്തി മുന്നോട്ട് പോവാൻ വേണ്ടി മുസ്ലിം ലീഗിനും യൂത്ത് ലീഗിനും വനിതാ ലീഗിനും പുതിയ കമ്മറ്റി ഉണ്ടാക്കിയതെന്നും നേതാക്കൾ അറിയിച്ചു.
ഈ സാഹചര്യത്തിലേക്ക് എത്തിക്കുന്നതിന് മുഖ്യ കാരണക്കാരൻ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് പി. കുഞ്ഞിമുഹമ്മദാണ് എന്നാണ് ഇവരുടെ വാദം. തളിപ്പറമ്പിലെ അവിഹിത അസാന്മാർഗിക കൂട്ടുകെട്ടിനെതിരെ പോരാടി തളിപ്പറമ്പിലെ മുസ്ലിം ലീഗ് പാർട്ടിയെ ശുദ്ധീകരിക്കും. തളിപ്പറമ്പിൽ മുൻകാലത്ത് ഉണ്ടായത് പോലെ പാർട്ടിയെ സജീവവും സക്രിയവുമാക്കി തളിപ്പറമ്പിലെ ജനങ്ങളുടെ ആശാഭിലാഷങ്ങൾക്കൊപ്പം ഈ പാർട്ടി നിലകൊള്ളും.
രൂപീകരണ കാലം മുതൽ പാർട്ടിക്ക് കൂറുള്ള തളിപ്പറമ്പിന്‍റെ മണ്ണിൽ ഈ ഹരിത പതാക താഴാത്ത സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് പുതിയ കമ്മിറ്റികൾ രുപീകരിച്ചത്. മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മറ്റി, യൂത്ത് ലീഗ് മുനിസിപ്പൽ കമ്മറ്റി, വനിതാ ലീഗ് മുനിസിപ്പൽ കമ്മറ്റി എന്നിവക്ക് പുറമേ മുനിസിപ്പൽ റിലീഫ് കമ്മറ്റി, വൈറ്റ് ഗാർഡ് എന്നീ കമ്മറ്റികളും രൂപീകരിച്ചിരിക്കുകയാണ്. ഇതോടെ തളിപ്പറമ്പ് നഗരസഭ ഭരണവും ത്രിശങ്കുവിലായി.
നിലവിലെ ചെയർപേഴ്സന്‍റെ സ്ഥാനം തെറിക്കാനുള്ള സാധ്യതയുണ്ട്. ഏഴ് കൗൺസിലർമാർ തങ്ങൾക്കൊപ്പം ഉള്ളതിനാൽ ഏണി ചിഹ്നത്തിൽ വിജയിച്ച ഒരാൾ ചെയർമാനാകുമെന്നും ഇവർ അറിയിച്ചു. മുൻ നഗരസഭ കൗൺസിലർമാരായ പി.എം. മുസ്തഫ, കെ. മുഹമ്മദ് ബഷീർ, നിലവിലെ കൗൺസിലർ സി. മുഹമ്മദ് സിറാജ്, പി.എ. സിദ്ദിഖ് (ഗാന്ധി ), പി.പി. ഇസ്മായിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.