തളിപ്പറമ്പിൽ കോൺവെന്റിനുനേരെ കല്ലേറ്
text_fieldsതളിപ്പറമ്പ്: കോൺവെന്റിനും ചാപ്പലിനും നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കല്ലേറിൽ പ്രാർഥന ചാപ്പലിന്റെ ജനൽ ചില്ലുകൾ തകർന്നു. കരിമ്പം അള്ളാംകുളം ഒറ്റപ്പാല നഗറിലെ എഫ്.സി.സി കോൺവെന്റിനും ഫാത്തിമ ലേഡീസ് ഹോസ്റ്റലിനും നേരെയാണ് ബുധനാഴ്ച രാത്രി 9.30 നും 12നും ഇടയിൽ വ്യാപക കല്ലേറുണ്ടായത്.
രാത്രി 9.30ന് മൂന്നോളം പേരടങ്ങുന്ന സംഘം കോൺവെന്റിലെ ലേഡീസ് ഹോസ്റ്റലിലെ മുറികൾക്ക് നേരെയാണ് കല്ലേറ് നടത്തിയത്. താമസക്കാരായ പെൺകുട്ടികളുടെ നിലവിളി കേട്ട് സിസ്റ്റർമാർ എത്തിയെങ്കിലും ഭയം കാരണം പുറത്തിറങ്ങിയില്ല. പിന്നീട് രാത്രി 12നും കല്ലേറുണ്ടായി. കരിങ്കല്ലുകളും ചെങ്കല്ലുകളും കൊണ്ടാണ് ആക്രമണമുണ്ടായത്.
സിസ്റ്റർമാരും ലേഡീസ് ഹോസ്റ്റലിലെ കുട്ടികളും ഉൾപ്പെടെ 40ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. മദർ ഇൻ ചാർജ് സിസ്റ്റർ ജോത്സ്യനയുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പൊലീസ് പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ഇടവക കോഓഡിനേറ്റർ അഡ്വ. കെ.ഡി. മാർട്ടിൻ, ഡി.ഡി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ളവർ കോൺവെന്റിലെത്തി.
'സംഘർഷമുണ്ടാക്കാനുള്ള ഗൂഢശ്രമം'
തളിപ്പറമ്പ്: കരിമ്പം ഫാത്തിമ എഫ്.സി കോൺവെന്റിനു നേരെ നടന്ന അക്രമത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷമുണ്ടാക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമം നടന്ന കോൺവെന്റ് അദ്ദേഹം സന്ദർശിച്ചു. സ്ത്രീകൾ മാത്രം താമസിക്കുന്ന കോൺവെന്റിനു നേരെ നടന്ന അക്രമത്തെ പൊലീസ് ഗൗരവമായി കാണണമെന്നും പ്രദേശത്ത് സമാധാനം നിലനിർത്താൻ പൊലീസ് കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജനാർദനൻ, കെ.പി.സി.സി മെംബർ രജനി രമാനന്ദ്, എം.വി. രവീന്ദ്രൻ, സി.വി. സോമനാഥൻ, ടി.ആർ. മോഹൻദാസ് എന്നിവരും പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.