തെരുവുനായ് ആക്രമണം; 10 പേർക്ക് പരിക്ക്
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിലും സമീപപ്രദേശങ്ങളിലും തെരുവുനായ് അക്രമം. വിവിധ സ്ഥലങ്ങളിൽനിന്ന് 10പേർക്ക് നായുടെ കടിയേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച രാവിലെ കാഞ്ഞിരങ്ങാട്ടെ ടാപ്പിങ് തൊഴിലാളി തളിയിൽ കുഞ്ഞിരാമ (77) നാണ് ആദ്യം കടിയേറ്റത്. തുടർന്ന്, മഴൂർ സ്വദേശിയായ ലോട്ടറി വിൽപനക്കാരൻ പി.എൻ. രവി (65)ക്ക് കുമ്മായ ചൂളക്ക് സമീപത്ത് രാവിലെ ഒമ്പതോടെ കടിയേറ്റു.
ഉച്ചക്കു ശേഷമാണ് തളിപ്പറമ്പിലെ വിവിധ പ്രദേശങ്ങളിൽനിന്ന് 10 പേരെ തെരുവുനായ് കടിച്ചത്. തൃച്ചംബരത്തെ കെ.പി. നന്ദകുമാർ (18), ഫാറൂഖ് നഗറിലെ സുബൈർ (58), പുളിമ്പറമ്പിലെ ടി.പി. രാമചന്ദ്രൻ (62), തൃച്ചംബരത്തെ പി. പ്രിയ (45), കയ്യത്തെ സുരേഷ് (42), പുഷ്പഗിരിയിലെ അബ്ദുല്ല (60), ഹിദായത്ത് നഗറിലെ ഫാത്തിമ (55), മാവിച്ചേരിയിലെ വേലായുധൻ (59), പാലകുളങ്ങരയിലെ രാഘവൻ (72), എളംമ്പേരത്തെ ഹനീഫ (37) എന്നിവർക്കാണ് നായുടെ കടിയേറ്റത്. കടിയേറ്റവരെ തളിപ്പറമ്പ് താലൂക്കാശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം പരിയാരം ഗവ. മെഡിക്കൽ കോളജിൽ വാക്സിനേഷൻ നടത്തി. പരിക്കേറ്റവരെ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി, സ്ഥിരം സമിതി അധ്യക്ഷരായ പി.പി. മുഹമ്മദ് നിസാർ, കെ.പി. കദീജ, കൗൺസിലർ മുഹമ്മദ് സിറാജ് എന്നിവർ സന്ദർശിച്ചു. വൈകീട്ട് അഞ്ചോടെ തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫിസിന് സമീപത്ത് നഗരസഭാ ജീവനക്കാർ അക്രമകാരിയായ നായെ പിടികൂടി വെറ്ററിനറി ഹോസ്പിറ്റലിലെത്തിച്ചു.
തെരുവുനായുടെ കടിയേറ്റു
പുളിങ്ങോം: മദ്റസ പഠനം കഴിഞ്ഞു കൂട്ടുകാര്‍ക്കൊപ്പം വീട്ടിലേക്കു പോവുകയായിരുന്ന കുട്ടിയെ തെരുവുനായ് കടിച്ച് പരിക്കേല്‍പ്പിച്ചു. പുളിങ്ങോം പാലന്തടത്തെ സാജിറിന്റെ മകന് അദ്നാനാണ് (8) കടിയേറ്റത്. വ്യാഴാഴ്ച രാവിലെ 8.30ഓടെ പുളിങ്ങോം ജുമാമസ്ജിദിനു സമീപത്തെ റോഡിലാണ് സംഭവം.
തെരുവുനായില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുട്ടിയുടെ ഇടതു കൈയിൽ കടിക്കുകയായിരുന്നു. കുട്ടിയെ പെരിങ്ങോം താലൂക്കാശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്കി. തുടർന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് പ്രതിരോധ കുത്തിവെയ്പും നല്കി. നാളുകളായി പുളിങ്ങോം ടൗണില്‍ തെരുവുനായ് ശല്യം രൂക്ഷമായതിനാല്‍ കുട്ടികള്‍ കൂട്ടം കൂടിയാണ് സഞ്ചരിക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.