സർക്കാർ ലേലം ചെയ്തു വിറ്റ മിനിലോറിക്ക് നികുതി നോട്ടീസ്; പിന്നെ മാപ്പ്
text_fieldsതളിപ്പറമ്പ്: വർഷങ്ങൾക്കു മുമ്പ് സർക്കാർ ലേലം ചെയ്തു വിറ്റ മിനിലോറിക്ക് 83,100 രൂപ നികുതി അടക്കാൻ മോട്ടർവാഹന വകുപ്പ് നോട്ടിസ്. ഒടുവിൽ ഖേദം പ്രകടിപ്പിച്ച് തടിയൂരി. കുറുമാത്തൂരിലെ കെ. രാജേഷിനാണ് മാസങ്ങൾക്കു മുമ്പു റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചത്. മണൽ കടത്തുന്നതിനിടെ 2014ൽ രാജേഷിന്റെ മിനിലോറി തളിപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. കേസിൽ രാജേഷ് അന്ന് 9000 രൂപ പിഴ അടക്കുകയും ചെയ്തു. ചക്കരക്കല്ല് പൊലീസ് യാഡിൽ സൂക്ഷിച്ചിരുന്ന വാഹനം 2020 ഫെബ്രുവരിയിൽ തലശ്ശേരി ആർ.ഡി.ഒയുടെ ഉത്തരവുപ്രകാരം ലേലത്തിൽ വിറ്റിരുന്നു.
എന്നാൽ, ഇക്കാര്യം മോട്ടർവാഹന വകുപ്പിനെ യഥാസമയം പൊലീസോ റവന്യൂ അധികൃതരോ അറിയിച്ചിരുന്നില്ല. തുടർന്ന് വാഹനത്തിന്റെ നികുതി അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി 50,000 രൂപ അടക്കാൻ ജോയന്റ് ആർ.ടി.ഒ രാജേഷിനു നോട്ടീസ് നൽകി. എന്നാൽ ഈ തുക അടക്കാത്തതിനാൽ പിന്നീട് ഇത് 83,100 രൂപയായി ഉയർന്നു. തുക അടച്ചില്ലെങ്കിൽ ജപ്തി നടപടി സ്വീകരിക്കുമെന്നു ചൂണ്ടിക്കാട്ടിയും നോട്ടീസ് അയച്ചു. ലോറിയെക്കുറിച്ചു രാജേഷ് തളിപ്പറമ്പ് പൊലീസിൽ അന്വേഷിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോഴാണ് 2020 ഫെബ്രുവരി 24നു ലോറി ലേലത്തിൽ വിറ്റതായി വിവരം ലഭിച്ചത്.
നിലവിൽ ഇല്ലാത്ത ലോറിക്കാണു നികുതി അടക്കാൻ നിർദേശം നൽകിയതെന്നു ചൂണ്ടിക്കാട്ടി രാജേഷ് മോട്ടർവാഹന വകുപ്പിനു പരാതി നൽകി. ഇതിൽ അന്വേഷണം നടത്തിയതോടെയാണു നോട്ടീസ് പിൻവലിച്ചു ഖേദം പ്രകടിപ്പിച്ച് തളിപ്പറമ്പ് തഹസിൽദാർക്കു ജോയന്റ് ആർ.ടി.ഒ കത്തു നൽകിയത്. റവന്യൂ റിക്കവറിക്കുള്ള നോട്ടിസ് പിൻവലിച്ചതായും കത്തിൽ പറയുന്നു. രാജേഷിന് ഉത്തരവ് ലഭിച്ചതു മൂലമുണ്ടായ വിഷമങ്ങൾക്ക് ഖേദം പ്രകടിപ്പിച്ച് പുതിയ ഉത്തരവും ആർ.ടി അധികൃതർ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.