ക്ഷേത്ര ട്രസ്റ്റി നിയമനം: യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsതളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെ തടസ്സപ്പെട്ടതിൽ പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടി.ടി.കെ ദേവസ്വം പാരമ്പര്യേതര ട്രസ്റ്റി ഇന്റർവ്യൂ തടസ്സപ്പെടുത്തി. സി.പി.എം പ്രവർത്തകർ ഇടപെട്ടതോടെ പ്രതിഷേധമവസാനിപ്പിക്കുകയും ഇന്റർവ്യൂ പൂർത്തിയാക്കുകയുമായിരുന്നു. എക്സിക്യൂട്ടിവ് ഓഫിസറുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നതിനോടൊപ്പം ദൈനം ദിന പ്രവർത്തനങ്ങൾ തന്നെ അവതാളത്തിലാണെന്ന ആക്ഷേപവും നിലവിലുണ്ട്. ഇതോടെയാണ് രാഹുൽ ദാമോദരൻ, വി. രാഹുൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രാജരാജേശ്വര ക്ഷേത്ര ഓഫിസിലേക്ക് എത്തിയത്.
ഈ സമയം ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ മലബാർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടക്കുകയായിരുന്നു. ദേവസ്വം യൂനിറ്റ് ഇൻസ്പെക്ടർ ഇ.വി. രഘുവിന് മുന്നിലെത്തിയ പ്രവർത്തകർ ഇന്റർവ്യൂ നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് സി.പി.എം ഏരിയ സെക്രട്ടറി കെ. സന്തോഷിന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർ സ്ഥലത്തെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടി ചോദ്യം ചെയ്തത് വാക്കേറ്റത്തിനിടയാക്കി. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി. ക്ഷേത്രം അധികൃതർ അറിയിച്ചതനുസരിച്ച് തളിപ്പറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇതോടെ ഇന്റർവ്യൂ പുനരാരംഭിച്ചു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ ദേവസ്വം അധികാരികൾ പരിഗണിക്കുമെന്നാണ് വിശ്വാസമെന്നും ഇതേതുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.വി. സരസ്വതി, മണ്ഡലം പ്രസിഡന്റ് ടി.ആർ. മോഹൻദാസ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.