കൂട്ടിരിപ്പുകാരിക്ക് പാമ്പുകടിയേറ്റ സംഭവം: സുരക്ഷയൊരുക്കുമെന്ന് ആശുപത്രി അധികൃതർ
text_fieldsതളിപ്പറമ്പ്: താലൂക്ക് ഹെഡ്ക്വാര്ട്ടേഴ്സ് ആശുപത്രി പേ വാർഡിൽ കൂട്ടിരിപ്പുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തെ തുടർന്ന് ആശുപത്രിയിൽ കൂടുതൽ സുരക്ഷയൊരുക്കുമെന്ന് അധികൃതർ. ചെമ്പേരി സ്വദേശിനി ലത തങ്കച്ചനെയാണ്(55) വെള്ളിയാഴ്ച രാത്രി അണലി കടിച്ചത്. ഇവർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പേ വാർഡിന്റെ പുറത്തെ ഗ്രിൽസിനിടയിലൂടെ വരാന്തയിലെത്തി വാതിലിനടിയിലെ വിടവിലൂടെയാവാം പാമ്പ് മുറിയിൽ എത്തിയതെന്നാണ് കരുതുന്നതെന്ന് സൂപ്രണ്ട് ഡോ. കെ.ടി. രേഖ പറഞ്ഞു. രോഗികൾക്ക് വീൽ ചെയർ ഉപയോഗിക്കേണ്ടതിനാൽ മുറികളിൽ താഴെ വാതിൽപ്പടി സ്ഥാപിക്കുക പ്രായോഗികമല്ല.
എന്നാൽ വരാന്തക്ക് പുറത്ത് ഗ്രിൽസ് വാതിലുകൾക്ക് താഴെ ഭാഗം ഇരുമ്പ് ഷീറ്റ് സ്ഥാപിച്ച് ഇഴജന്തുക്കൾ അകത്ത് കയറുന്നത് തടയാൻ സംവിധാനം ഒരുക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. കെ.എസ്.ആർ.ഡബ്ല്യു.എസിന്റെ കീഴിലുള്ള കെട്ടിടത്തിലാണ് താലൂക്ക് ആശുപത്രിയുടെ പേ വാർഡ് പ്രവർത്തിക്കുന്നത്.
ഇതിന്റെ വാടക പിരിക്കുന്നതും കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതും ജല, വൈദ്യുതി വിതരണവുമെല്ലാം കെ.എസ്.ആർ.ഡബ്ല്യു.എസിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്. അമ്പത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽ രണ്ട് വർഷം മുമ്പാണ് അറ്റകുറ്റപ്പണികൾ നടത്തിയത്.
ആശുപത്രിയുടെ അഞ്ച് ഏക്കർ സ്ഥലത്ത് മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ ശുചീകരണം നടത്തിയിരുന്നു. മഴ തുടങ്ങിയ ശേഷം വളർന്ന കാട്ടുചെടികൾ വെള്ളിയാഴ്ചയും വെട്ടിമാറ്റിയിരുന്നു. നഗരസഭ ശുചീകരണ തൊഴിലാളികൾ എത്തി ബാക്കിയുള്ള കാട്ടുചെടികൾ മെഷീൻ ഉപയോഗിച്ച് വൃത്തിയാക്കുകയും ഇഴജന്തുക്കൾ കയറാതിരിക്കാൻ കെട്ടിടങ്ങൾക്ക് ചുറ്റും ബ്ലീച്ചിങ്ങ് പൗഡർ വിതറുകയും ചെയ്തു.
നഗരസഭക്ക് വിട്ടുകിട്ടിയ സ്ഥാപനങ്ങളിൽപ്പെടുന്ന താലൂക്ക് ആശുപത്രിയിൽ ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ആവശ്യപ്പെടുന്ന സമയത്ത് നഗരസഭ ശുചീകരണ തൊഴിലാളികളെ വിട്ടുനൽകാറുണ്ട്. അർഹിക്കുന്ന പ്രാധാന്യത്തോടെയാണ് ആശുപത്രി പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ. നബീസ ബീവി പറഞ്ഞു.
തളിപ്പറമ്പ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസറുടെ നിർദേശപ്രകാരം വനം വകുപ്പ് അംഗീകാരമുള്ള പാമ്പ് സംരക്ഷകരുടെ സംഘടനയായ മാർക്കിന്റെ പ്രവർത്തകരായ അനിൽ തൃച്ചംബരം, ശുചീന്ദ്രൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കൂടുതൽ പാമ്പുകളെ കണ്ടെത്താനായില്ല.
ആശുപത്രി കെട്ടിടത്തിന് സമീപം പ്രസവിച്ച അണലിയുടെ കുഞ്ഞ് അല്ല കൂട്ടിരിപ്പുകാരിയെ കടിച്ചതെന്നും അങ്ങിനെ ആയിരുന്നെങ്കിൽ കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും ഇവർ പറഞ്ഞു. പാമ്പ് ദൂരെ നിന്ന് എത്തിയതാകാമെന്നാണ് ഇവരുടെ അനുമാനം.
ഇതിനു മുമ്പും ആശുപത്രി പരിസരങ്ങളിൽ വിഷമില്ലാത്ത പാമ്പുകളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. വരാന്തയിൽ വരെ പാമ്പുകൾ എത്തിയിട്ടുണ്ട്. എന്നാൽ വിഷമുള്ള ഇനം പാമ്പ് ആശുപത്രിയുടെ അകത്ത് കയറുന്നതും ആളെ കടിക്കുന്നതും ആദ്യ സംഭവമാണ്.
ഒരു കൂട്ടിരിപ്പുകാരെ മാത്രമാണ് സാധാരണ മുറിയിൽ തങ്ങാൻ അനുവദിക്കാറുള്ളത്. ഇവർക്ക് കിടക്കാൻ രോഗിയുടെത് കൂടാതെ വേറെ തന്നെ കട്ടിലുമുണ്ട്. എന്നാൽ, മറ്റൊരു ബന്ധുവിനൊപ്പം മുറിയിൽ തങ്ങിയ ലത നിലത്താണ് കിടന്നിരുന്നത്. ഒന്നിൽ കൂടുതൽ കൂട്ടിരിപ്പുകാർ മുറിയിൽ കഴിയുന്നത് ഒഴിവാക്കാൻ കർശന നിലപാട് സ്വീകരിക്കാനും ആശുപത്രി അധികൃതർ തീരുമാനിച്ചിട്ടുണ്ട്. അതേ സമയം, പാമ്പ് കടിയേറ്റ് പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ലതയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.