അപകടത്തിൽപെട്ട വിദ്യാർഥിനി ആംബുലൻസിൽ പരീക്ഷയെഴുതി
text_fieldsതളിപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർഥിനിക്ക് ആംബുലൻസിൽ പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാൻ അവസരമൊരുക്കി കോളജ് അധികാരികൾ. മാതമംഗലത്തെ അനു നമ്പ്യാരാണ് തളിപ്പറമ്പ് സർ സയ്യിദ് കോളജ് അധികൃതരുടെ സഹായത്തോടെ ശനിയാഴ്ച പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുത്തത്. അവസാന വർഷ സ്റ്റാറ്റിസ്റ്റിക്സ് വിദ്യാർഥിനിയായ മാതമംഗലം പറവൂരിലെ അനു നമ്പ്യാർക്ക് ഇരുചക്ര വാഹനത്തിൽനിന്ന് വീണാണ് പരിക്കേറ്റത്.
അവസാന വർഷ തിയറി പരീക്ഷ കഴിഞ്ഞ് പോകുമ്പോൾ അനു സഞ്ചരിച്ച സ്കൂട്ടർ റോഡിൽ തെന്നിവീഴുകയായിരുന്നു. അപകടത്തിൽ കാലിന് സാരമായി പരിക്കേറ്റ അനുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. മുഖത്തും നിസ്സാര പരിക്കേറ്റിരുന്നു.
പരിക്കേറ്റതോടെ ശനിയാഴ്ച നടക്കുന്ന പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാനാകാതെ ഒരുവർഷം നഷ്ടമാകുമെന്ന ഘട്ടത്തിൽ അനു, വിഷയം കോളജ് അധികാരികളുടെ ശ്രദ്ധയിൽപെടുത്തി സഹായമഭ്യർഥിച്ചു. തുടർന്ന് സർ സയ്യിദ് കോളജ് അധികാരികൾ പ്രാക്ടിക്കൽ പരീക്ഷയുടെ ചുമതലയുള്ള തലശ്ശേരി ബ്രണ്ണൻ കോളജ് പ്രഫസർ പി.ജെ. സാബുവുമായി ബന്ധപ്പെട്ട് പരീക്ഷയിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കുകയായിരുന്നു.
ആംബുലൻസിൽ കോളജ് കാമ്പസിൽ എത്തിയാൽ പരീക്ഷയിൽ പങ്കെടുപ്പിക്കാമെന്ന ഉറപ്പിൽ രാവിലെ 9.30 മുതൽ 12.30 വരെയുള്ള പ്രാക്ടിക്കൽ പരീക്ഷ പൂർത്തിയാക്കിയെന്ന് അനു നമ്പ്യാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.