കണ്ണൂർ ദൂരദർശൻ റിലേ കേന്ദ്രത്തിന് ഈ മാസം താഴുവീഴും
text_fieldsതളിപ്പറമ്പ്: മാങ്ങാട്ടുപറമ്പിലെ കണ്ണൂർ ദൂരദർശൻ റിലേ കേന്ദ്രത്തിൽ നിന്നുള്ള സംപ്രേഷണം ഒക്ടോബർ 31ഓടെ നിലക്കും. പഴയ അനലോഗ് സംവിധാനം അപ്രസക്തമായതോടെ നിലയത്തിെൻറ ആവശ്യമില്ലാതായെന്ന നിഗമനത്തിലാണ് അടക്കാനുള്ള തീരുമാനം വന്നത്. ഇതോടെ രാവിലെ 5.30 മുതൽ രാത്രി 12 മണിവരെ മലയാളം പരിപാടികൾ ഇവിടെ നിന്ന് റിലേ ചെയ്യുന്നത് നിലക്കും.
1985ലാണ് സംസ്ഥാനത്ത് ആദ്യമായി ദൂരദർശൻ മെയിൻറനൻസ് സെൻറർ കണ്ണൂരിൽ സ്ഥാപിച്ചത്. ആദ്യം പള്ളിക്കുന്നിൽ ആയിരുന്നെങ്കിലും റിലേ സ്റ്റേഷൻ വന്നതോടെ പിന്നീട് മാങ്ങാട്ടുപറമ്പിലേക്ക് മാറ്റി. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊച്ചി തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഇതിെൻറ കീഴിലായിരുന്നു. മാങ്ങാട്ടുപറമ്പിലെ ദൂരദർശൻ മെയിൻറനൻസ് സെൻററിന് കീഴിൽ വരുന്ന തലശ്ശേരി, കാസർകോട് എൽ.പി.ടികളും മാഹിയിലെ ട്രാൻസ്മിറ്ററും നിർത്തലാക്കിക്കഴിഞ്ഞു. ഇപ്പോൾ ഇത്തരം ആൻറിന ഉപയോഗിച്ച് കാണുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്.
നിലവിൽ 13 ജീവനക്കാരാണ് മാങ്ങാട്ടുപറമ്പിലെ കേന്ദ്രത്തിൽ ഉള്ളത്. സംസ്ഥാനത്തെ 11 റിലേ സ്റ്റേഷനുകളും പൂട്ടുന്നതോടെ ജീവനക്കാരുടെ നിലനിൽപും ആശങ്കയിലാണ്. രാജ്യത്ത് ഇത്തരത്തിലുള്ള ഒട്ടേറെ സ്റ്റേഷനുകൾ ഇതിനകം പൂട്ടിക്കഴിഞ്ഞു. അവശേഷിക്കുന്നവയും ഈ വർഷാവസാനത്തോടെ അടച്ചു പൂട്ടാനാണ് കേന്ദ്ര നീക്കം. ഇനി ദൂരദർശൻ പരിപാടികൾ ലഭിക്കാൻ ഡി.ടി.എച്ച് സംവിധാനത്തിലേക്ക് പോകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.