ബസുകൾ പാർക്ക് ചെയ്യാൻ സ്ഥലം കണ്ടെത്താൻ നഗരസഭക്ക് ചുമതല
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിൽ ബസുകൾ നിർത്തിയിടുന്നതിന് സ്ഥലം കണ്ടെത്താൻ ആർ.ഡി.ഒ ഇ.പി. മേഴ്സിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തളിപ്പറമ്പ് നഗരസഭ അധികാരികളെ ചുമതലപ്പെടുത്തി. ട്രിപ്പിന്റെ ഇടവേളകളിൽ ബസുകൾ നിർത്തിയിടാൻ സൗകര്യമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബസുടമകളുടെ കൂട്ടായ്മ ആർ.ഡി.ഒക്ക് പരാതി നൽകിയിരുന്നു.
തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കിയശേഷം അടുത്ത ട്രിപ്പിനുള്ള ഇടവേളകളിൽ പാർക്ക് ചെയ്യാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ് ബസ് തൊഴിലാളികൾ. നേരത്തേ കാക്കാത്തോടിലെ നിർദിഷ്ട മലയോര ബസ് സ്റ്റാൻഡിലായിരുന്നു ബസുകൾ ഏറെയും പാർക്ക് ചെയ്തിരുന്നത്.
എന്നാൽ, ഇവിടെ ഇന്റർലോക്ക് പതിച്ച് നഗരസഭ പേ പാർക്കിങ് തുടങ്ങിയതോടെ റോഡരികിലാണ് ബസുകൾ നിർത്തിയിടുന്നത്. ഇത് വലിയ ഗതാഗത തടസ്സത്തിനും മറ്റും ഇടയാക്കുന്നതിനാൽ പൊലീസിന്റെ ഭാഗത്തുനിന്നും പിഴ ഉൾപ്പെടെയുള്ള നടപടിയും ഉണ്ടാകുന്നുണ്ട്.
ഇതോടെയാണ് ഇവർ പരാതിയുമായി ആർ.ഡി.ഒയെ സമീപിച്ചത്. നഗരസഭ, പി.ഡബ്ല്യു.ഡി, പൊലീസ്, ആർ.ടി.ഒ, മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ബസ് ഉടമ-തൊഴിലാളി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
തൃച്ചംബരം, ചിറവക്ക്, കുപ്പം, ഏഴാംമൈൽ എന്നിവിടങ്ങളിൽ ബസ് ബേ നിർമിക്കാനും ഏഴാം മൈൽ മുതൽ ചിറവക്കുവരെ ദേശീയപാതയുടെ ഇരുവശവും സ്പോൺസർമാരെ കണ്ടെത്തി ഇന്റർലോക്ക് പതിപ്പിക്കുന്നതിന് നഗരസഭ നടത്തുന്ന ശ്രമത്തിന് അനുമതി നൽകാനും ദേശീയപാത വിഭാഗത്തോട് ആവശ്യപ്പെടാനും വരുന്ന 20നുള്ളിൽ സീബ്രലൈൻ വരക്കാനും ബസ് സ്റ്റാൻഡിൽ പാർക്കിങ് ട്രാക്ക് വരക്കാനും നഗരസഭ സ്പോൺസർമാരെ കണ്ടെത്തി നടപ്പിലാക്കാനും യോഗം നിർദേശിച്ചു.
നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് നിസാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.