തളിപ്പറമ്പിൽ വസ്ത്രാലയത്തിന് തീപിടിച്ചു
text_fieldsതളിപ്പറമ്പ്: മെയിൻ റോഡിലെ വസ്ത്രാലയത്തില്‍ വന്‍ തീപിടിത്തം. കുറ്റിക്കോൽ സ്വദേശി ബി. ഷബീര്‍ ഇസ്മായിലിെൻറ ഉടമസ്ഥതയിലുള്ള വീ ടെക്സ് എന്ന കടയിലാണ് ശനിയാഴ്ച പുലർച്ചയോടെ തീപിടിത്തം ഉണ്ടായത്. 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു.
പുലര്‍ച്ച നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തെ ഒഴിഞ്ഞപറമ്പിലുള്ള മാലിന്യക്കൂമ്പാരത്തിൽനിന്ന് ഷോപ്പിലേക്ക് തീപടർന്നതായാണ് സംശയം. പുലർച്ച പള്ളിയിലേക്ക് നമസ്കാരത്തിനായി പോകുന്ന വ്യാപാരിയാണ് കടക്കുള്ളില്‍നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍തന്നെ അഗ്നിശമനസേനയേയും പൊലീസിനേയും വിവരമറിയിച്ചു.
തളിപ്പറമ്പ് അഗ്നിശമനനിലയത്തില്നിന്ന് സ്റ്റേഷന് ഓഫിസര്‍ കെ.പി. ബാലകൃഷ്ണെൻറ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. തൊട്ടടുത്ത മുഹമ്മദിെൻറ ഉടമസ്ഥതയിലുള്ള ലിവാസ് എന്ന ഫാന്‍സി കടയിലേക്കും തീ പടര്‍ന്നുവെങ്കിലും അഗ്നിശമനസേനയുടെ സമയോജിത ഇടപെടല്‍ കാരണം ദുരന്തം ഒഴിവായി. മറ്റ് കടകളിലേക്ക് തീപടരുന്നത് പെട്ടെന്ന് തടയാൻ കഴിഞ്ഞതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു.
വിഷുവിനോടാനുബന്ധിച്ച് കടയിലേക്കെത്തിച്ച തുണിത്തരങ്ങൾ ഉള്‍പ്പെടെയാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. അഗ്നിശമനസേന തീയണക്കുന്നതിനിടയില്‍ വെള്ളത്തില്‍ കുതിര്‍ന്നും ഒട്ടേറെ തുണികൾ നശിച്ചു. പ്രാഥമികമായി 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം തീപിടിത്തത്തിൽ ഉണ്ടായതായി കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.