അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടിയവർക്ക് ഭീഷണി
text_fieldsതളിപ്പറമ്പ്: നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാൻ ചുമതലപ്പെടുത്തിയവരെ ഭീഷണിപ്പെടുത്തുന്നതായി പരാതി. നഗരത്തിൽ കന്നുകാലിശല്യം വർധിച്ചതിനെ തുടർന്ന് നടപടി കർശനമാക്കിയതിന് പിന്നാലെയാണ് ഭീഷണി ഉയർന്നതെന്ന് ആരോഗ്യവിഭാഗം പരാതി നൽകി.
തളിപ്പറമ്പ് നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കൊണ്ടുള്ള ശല്യം രൂക്ഷമായതോടെ നിരവധി പരാതികളാണ് ഉയർന്നത്. വാഹനങ്ങൾ അപകടത്തിലാകുന്നതിനും ഗതാഗതടസ്സത്തിനും പശുക്കൾ കാരണമാകുന്നുവെന്ന പരാതികൾ രൂക്ഷമായതോടെയാണ് നഗരസഭ കൗൺസിൽ യോഗം പശുക്കളെ പിടിച്ചുകെട്ടുന്നതിന് രണ്ടുപേരെ ചുമതലപ്പെടുത്തിയത്.
ഇവർക്ക് വേതനവും പശുക്കളെ പരിപാലിച്ചതിന്റെ ചെലവും പിഴയും നൽകി പശുക്കളെ തൊഴുത്തിൽ പരിപാലിക്കുമെന്ന ഉറപ്പും നൽകിയാൽ മാത്രമേ പിടിച്ചുകെട്ടിയ പശുക്കളെ ഉടമകൾക്ക് നൽകിയിരുന്നുള്ളൂ. അല്ലാത്തവയെ നിശ്ചിത ദിവസത്തിനുശേഷം ലേലം ചെയ്യാറാണ് പതിവ്. നടപടി കർശനമായതോടെ കന്നുകാലി ശല്യം കുറഞ്ഞിരുന്നു.
എന്നാൽ, വീണ്ടും കന്നുകാലിശല്യം വർധിച്ചതോടെ നടപടി കർശനമാക്കി. കഴിഞ്ഞ 13ന് ഒരു പശുവിനെയും കിടാവിനെയും 15ന് മറ്റൊരു പശുവിനെയും പിടികൂടിയിരുന്നു. ഇതോടെ പശുക്കളെ പിടികൂടാൻ ചുമതലപ്പെടുത്തിയവരെ ഉടമകൾ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
അലയുന്ന പശുവിനെ പിടികൂടുമ്പോൾ ഇരുചക്രവാഹനങ്ങളിലും കാറുകളിലുമെത്തി ഓടിക്കുകയും സ്ത്രീകൾ ഉൾപ്പെടെ നഗരസഭ ഓഫിസിലെത്തി ഭീഷണിപ്പെടുത്തുകയുമാണ്. സംഭവം ചെയർപേഴ്സന്റെയും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്റെയും ശ്രദ്ധയിൽപെടുത്തി പൊലീസിൽ പരാതി നൽകുമെന്ന് നഗരസഭ എച്ച്.ഐ എം. അബ്ദുൽ സത്താർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.