ധർമശാലയിലെ ശൗചാലയം അടച്ചു; ജനം നെട്ടോട്ടത്തിൽ
text_fieldsതളിപ്പറമ്പ്: ദിനേന നൂറു കണക്കിന് തീർഥാടകരും വിനോദ സഞ്ചാരികളും എത്തിച്ചേരുന്ന ധർമശാലയിലെ ടേക്ക് എ ബ്രേക്ക് ശൗചാലയ സമുച്ചയം തുറക്കാതായിട്ട് മാസങ്ങൾ. ഇതോടെ വിവിധ ഭാഗങ്ങളിൽ നിന്നും ധർമശാലയിൽ എത്തുന്ന തീർഥാടകരും വിനോദ സഞ്ചാരികളുമടക്കം പ്രാഥമിക കൃത്യങ്ങൾക്കായി നെട്ടോട്ടത്തിലാണ്. ദേശീയപാത വികസന പ്രവൃത്തിയുടെ ഭാഗമായി കെ.എ.പി ഗ്രൗണ്ടിൽ നിർമിച്ച ശൗചാലയ സമുച്ചയത്തിലേക്കുള്ള വഴി മുറിച്ചതോടെയാണ് ഇതു അടച്ചുപൂട്ടേണ്ടി വന്നത്.
ധർമശാലയിൽ പൊതുശൗചാലയം സ്ഥാപിക്കണമെന്നത് പൊതുസമൂഹം ഏറെ നാളായി ഉയർത്തിയ സുപ്രധാന ആവശ്യമായിരുന്നു. തുടർന്നാണ് അത്തരം സൗകര്യം ഏർപ്പെടുത്താൻ ആന്തൂർ നഗരസഭ മുന്നോട്ടു വന്നത്. 2019 അവസാനം സമുച്ചയം തുറന്നു കൊടുത്തെങ്കിലും ചെറിയ രീതിയിൽ മാത്രമാണ് സേവനങ്ങൾ നൽകിയത്. കോവിഡ് കാലഘട്ടത്തിൽ അടച്ചിട്ട ശൗചാലയം പിന്നീട് തുറന്നെങ്കിലും ദേശീയപാത വികസന പ്രവൃത്തിയെ തുടർന്ന് വീണ്ടും കഴിഞ്ഞ രണ്ടു മാസമായി അടച്ചുപൂട്ടിയ നിലയിലാണ്. കെട്ടിട സമുച്ചയത്തിലേക്കുള്ള വഴി പോലും വികസനത്തിനിടെ ഉഴുതു മാറ്റി. ഇതോടെയാണ് കെട്ടിടം അടച്ചിട്ടത്.
ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച സമുച്ചയം ആന്തൂർ നഗരസഭയുടെ ആദ്യ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പാണ് തുറന്നു കൊടുത്തത്.
നൂറു കണക്കിനാളുകൾ നിത്യേന എത്തുന്ന ധർമശാലയിൽ ശൗചാലയ സമുച്ചയം തുറന്നു കൊടുത്തതോടെ വലിയ ആശ്വാസമാണ് പൊതുസമൂഹത്തിന് പകർന്നത്. എന്നാൽ, അത് അടഞ്ഞു കിടക്കുന്നത് വലിയ ദുരിതമായിരിക്കുകയാണ്. ഇനി എന്ന് തുറക്കാനാകുമെന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് പോലും പറയാനാവാത്ത അവസ്ഥയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.