കുറ്റിക്കോൽ പാലത്തിന് മുകളിൽ കക്കൂസ് മാലിന്യം തള്ളി
text_fieldsതളിപ്പറമ്പ്: കുറ്റിക്കോൽ ദേശീയപാതയോരത്ത് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി. കുറ്റിക്കോലിലെ പഴയ പാലത്തിനു മുകളിലാണ് മാലിന്യം തള്ളിയത്. വ്യാഴാഴ്ച പുലർച്ചയാണ് മാലിന്യം തള്ളിയത് കണ്ടത്. രാത്രിയുടെ മറവിൽ ടാങ്കറിൽ കൊണ്ടുവന്ന് പാലത്തിന് മുകളിൽനിന്ന് തോട്ടിലേക്ക് തള്ളുന്നതിനിടെ കുറച്ചുഭാഗം ഇവിടെ വീണതാണെന്നാണ് കരുതുന്നത്.
നേരത്തേ ഈഭാഗത്ത് രാത്രിയിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവായിരുന്നു. തുടർന്ന് പ്രദേശത്തെ ചെറുപ്പക്കാർ രാത്രികാലങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാലിന്യം തള്ളുന്നതിനെതിരായി ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തതോടെ കുറച്ചുനാളുകളായി മാലിന്യം തള്ളുന്നത് ഒഴിവായിരുന്നു.
അടുത്തകാലത്തായി ദേശീയപാത ബൈപാസ് നിർമാണം നടക്കുന്ന ഭാഗത്തും കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. കുറ്റിക്കോൽ പുഴയിൽ കക്കൂസ് മാലിന്യം തള്ളുന്നത് പുഴയെ ആശ്രയിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. പഴയപാലം ഇപ്പോഴും പൊതുജനങ്ങൾ ഉപയോഗിക്കുന്നതാണ്.
ദുർഗന്ധം കാരണം ഇതുവഴി നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്. ജനങ്ങൾ സംഘടിച്ച് വീണ്ടും പ്രദേശത്ത് രാത്രികാല നിരീക്ഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ് പൊലീസ്, സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.