വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി ഒളിവിൽ പോയ സഹോദരങ്ങൾ റിമാൻഡിൽ
text_fieldsതളിപ്പറമ്പ്: വിദേശത്ത് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ പ്രതികളായ സഹോദരങ്ങൾ കോടതിയിൽ കീഴടങ്ങി. ചിറവക്കിൽ സ്റ്റാർ ഹൈറ്റ് കൺസൽട്ടൻസി എന്ന സ്ഥാപനം നടത്തിയ കണ്ണപ്പിലാവ് സ്വദേശി പി.പി. കിരൺകുമാർ, സഹോദരൻ പി.പി. കിഷോർകുമാർ എന്നിവരാണ് തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. കോടതി ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
2021 സെപ്റ്റംബറിലാണ് ഇരുവരും ചിറവക്കിൽ കൺസൽട്ടൻസി സ്ഥാപനം തുടങ്ങിയത്. ബ്രിട്ടൻ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലി വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഉദയഗിരി അരിവിളഞ്ഞ പൊയിൽ സ്വദേശി ഡാനി തോമസ്, കേളകം അടക്കാത്തോടിലെ എബി അബ്രഹാം, കൂത്തുപറമ്പ് ആമ്പിലാട്ടെ എൻ.വി. പ്രശാന്ത്, കാസർകോട് പാലാവയലിലെ ജോയറ്റ് ജോസഫ്, പേരാവൂർ തെറ്റുവഴിയിലെ ആൽബിൻ ജോർജ് തുടങ്ങിയവരുടെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം ജനുവരിയിൽ കേസെടുത്തതോടെ ഇരുവരും ഒളിവിൽപ്പോവുകയായിരുന്നു.കുന്നരു കാരന്താട്ടെ ടി.വി. ശശിയിൽ നിന്നും 13 ലക്ഷം രൂപ തട്ടിയെടുത്തതിന് പയ്യന്നൂർ പൊലീസും ഇവർക്കെതിരെ കേസെടുത്തിരുന്നു.തട്ടിപ്പിനിരയായ വയനാട് സുൽത്താൻ ബത്തേരി തൊടുവട്ട് സ്വദേശി മൂത്തേടത്ത് അനൂപ് ടോമി 2022 ഡിസംബറിൽ ആത്മഹത്യ ചെയ്തിരുന്നു.
സിവിൽ എൻജിനീയറായ അനൂപ് ടോമി എറണാകുളത്ത് ലോഡ്ജിൽ മാനേജറായി ജോലി ചെയ്യവെ കൺസൽട്ടൻസിയുടെ പരസ്യം കണ്ടാണ് ബന്ധപ്പെട്ടത്. വിദേശവിസ വാഗ്ദാനം ചെയ്തതിനെത്തുടർന്ന് പലപ്പോഴായി ആറ് ലക്ഷം രൂപ കൺസൽട്ടൻസിക്ക് കൈമാറിയിരുന്നു. പലരോടും കടംവാങ്ങിയാണ് പണം നൽകിയത്. വിസ ലഭിക്കാതിരിക്കുകയും പണം തിരിച്ചേൽപ്പിക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്നാണ് അനൂപ് ടോമി ജീവനൊടുക്കിയത്. ഒരു വർഷത്തിലേറെയായി ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. തളിപ്പറമ്പിൽ മാത്രം 25 കേസുകളാണ് ഇവർക്കെതിരെയെടുത്തത്.' അതിൽ 24 എണ്ണത്തിലും കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയെ സമീപിക്കും. ഇവരെക്കൂടാതെ സ്ഥാപനത്തിലെ ജീവനക്കാരനായ അശ്വിൻ നണിയൂർ മൂന്ന് തട്ടിപ്പുകേസുകളിൽ പ്രതിയാണ്. ഇയാളെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.