ധർമശാലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ
text_fieldsതളിപ്പറമ്പ്: ആന്തൂർ ധർമശാലയിലും കാട്ടുപോത്തിനെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 10.30ഓടെ ധർമശാല നിഫ്റ്റിന്റെ പരിസരത്തും സമീപത്തെ ശ്മശാനത്തിലുമാണ് ജനങ്ങൾ കാട്ടുപോത്തിനെ കണ്ടത്.
ധർമശാല നിഫ്റ്റ് കോമ്പൗണ്ടിലാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് എസ്.ഐ ജയ്മോൻ ജോർജിന്റെ നേതൃത്വത്തിൽ പൊലീസും ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
അപ്പോഴേക്കും കാട്ടുപോത്ത് ഇവിടെനിന്ന് നീങ്ങി സമീപത്തെ ശ്മശാനത്തിന്റെ ഗേറ്റ് തകർത്ത് കുറ്റിക്കാട് നിറഞ്ഞ ശ്മശാനത്തിൽ കയറി. പുലർച്ച 2.30 വരെ കാട്ടുപോത്തിനെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
2.30ഓടെ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തുനിന്ന് മാറി. പ്രദേശത്ത് വനംവകുപ്പിന്റെ വാച്ചർമാരായ ഷാജി, റിയാസ് മാങ്ങാട് എന്നിവരെ നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ച പകലും ഇതിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കാട്ടുപോത്ത് മറ്റെവിടേക്കോ മാറിയെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം കരിമ്പം ഭാഗത്തും കാട്ടുപോത്തിനെ കണ്ടിരുന്നു. കഴിഞ്ഞ 28ന് രാത്രി 11.40ഓടെ തളിപ്പറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാനപാതയിൽ പനക്കാടാണ് കാട്ടുപോത്തിനെ കാണപ്പെട്ടത്.
പട്ടുവത്ത് തെയ്യം കണ്ട് മടങ്ങുകയായിരുന്നവരാണ് ഇതിനെ കണ്ടത്. തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ പോത്ത് തന്നെയാണ് ധർമശാല ഭാഗത്തെത്തിയതെന്നാണ് കരുതുന്നത്.
പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടായതോടെ ജനങ്ങൾ ഭീതിയിലാണെന്ന് ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.