നവകേരള സദസ്സിനു മാത്രമായി ടാറിങ്ങെന്ന്; തടഞ്ഞ് യൂത്ത് ലീഗ്
text_fieldsകണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന അഴീക്കോട് മണ്ഡലം നവകേരള സദസ്സ് നടക്കുന്ന വേദിയിലേക്ക് മാത്രമായി റോഡ് നിർമാണം നടത്തുവെന്ന് ആരോപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രവൃത്തി തടഞ്ഞു.
വളപട്ടണം മന്ന ഗ്രൗണ്ടിലേക്കുള്ള റോഡ് നിര്‍മാണമാണ് തടഞ്ഞത്. ചിറക്കല്‍ പഞ്ചായത്തില്‍ നിരവധി റോഡുകള്‍ തകര്‍ന്ന് കിടക്കുമ്പോള്‍ നവകേരള സദസ്സിലേക്കുള്ള റോഡ് മാത്രം അറ്റകുറ്റപണി നടത്തുന്നതിലായിരുന്നു ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. നിലവില്‍ നടക്കുന്ന നിര്‍മാണം അശാസ്ത്രീയവും ഒരു അനുമതിയുമില്ലാതെയുമാണെന്ന് ലീഗ് ആരോപിച്ചു. പണി നടക്കുന്നതിനിടയാണ് ലീഗ് പ്രവര്‍ത്തകരെത്തി തടഞ്ഞത്. വിവരമറിഞ്ഞെത്തിയ വളപട്ടണം എസ്.ഐ നിധിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു പൊലിസ് സ്റ്റേഷനിലെത്തിച്ചു. റോഡ് പണി പൂര്‍ത്തിയാകുന്നതുവരെ യൂത്ത് ലീഗ് പ്രവര്‍ത്തകരെ വളപട്ടണം പൊലീസ് സ്റ്റേഷനിലിരുത്തി. ഉച്ചക്ക് ഒന്നിന് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വൈകീട്ട് അഞ്ചിനാണ് വിട്ടയച്ചത്. പ്രതിഷേധ സമരം യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ.കെ. ഷിനാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എ.എം. മിഥിലാജ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സി.പി. റഷീദ് മുഖ്യപ്രഭാഷണം നടത്തി.
അതേസമയം, ജലജീവൻ മിഷന്റെ പ്രവൃത്തിക്കു വേണ്ടി പൊളിച്ച റോഡിന്റെ അറ്റകുറ്റപ്പണിയാണ് നടക്കുന്നതെന്ന് കെ.വി സുമേഷ് എം.എൽ.എ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.