ടി.ബി മുക്ത കേരളം: നൂറുദിന കർമപദ്ധതിക്ക് തുടക്കം
text_fieldsകണ്ണൂർ: കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നടപ്പാക്കുന്ന നൂറുദിന ക്ഷയരോഗ നിവാരണ-ബോധവത്കരണ പരിപാടികളുടെ ജില്ല തല ഉദ്ഘാടനം ഡി.പി.സി ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ക്ഷയരോഗബാധ 2015നെ അപേക്ഷിച്ചു 80 ശതമാനം കുറക്കുക, ക്ഷയരോഗ മരണനിരക്ക് 90 ശതമാനം കുറക്കുക, ക്ഷയരോഗം കാരണം ആർക്കും അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കുക തുടങ്ങിയവയാണ് കാമ്പയിൻ വിഭാവനം ചെയ്യുന്നത്. ക്ഷയരോഗ ബാധിതരോട് അടുത്ത് ഇടപഴകുന്നവർ, പ്രമേഹബാധിതർ, എച്ച്.ഐ.വി അണുബാധിതർ, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ തുടങ്ങിയവർ ക്ഷയരോഗ സാധ്യത കൂടിയവരാണ്.
ഇവരുടെയിടയിൽ ഗൃഹസന്ദർശനത്തിലൂടെയും അതിഥി തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമായി ക്യാമ്പുകൾ സംഘടിപ്പിച്ചും വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, ജയിലുകൾ എന്നിവ സന്ദർശിച്ച് കഫ പരിശോധന നടത്തിയും പരമാവധി രോഗികളെ കണ്ടെത്തും.
ഇവർക്ക് ചികിത്സ നൽകുക, പരമാവധി മരണങ്ങൾ കുറക്കുക, ക്ഷയരോഗത്തെപ്പറ്റിയുള്ള മിഥ്യാധാരണകൾ ഒഴിവാക്കുക, രോഗികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുക, ക്ഷയരോഗ ബോധവത്കരണം എന്നിവയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. നൂറുദിന കർമ പദ്ധതിയുടെ പോസ്റ്റർ ഡി.എം.ഒ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാടിന് കൈമാറി മന്ത്രി പ്രകാശനം ചെയ്തു. എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.ബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫിസർ ഡോക്ടർ സോനു ബി. നായർ അധ്യക്ഷതവഹിച്ചു.
ഡെപ്യൂട്ടി ഡി.എം.ഒ കെ.ടി. രേഖ, ആർദ്രം നോഡൽ ഓഫിസർ ഡോ. സി.പി. ബിജോയ്, ടി.ബി ചാമ്പ്യൻ ഡോ. പി.വി. മോഹനൻ, ടി.ബി അസോസിയേഷൻ ട്രഷറർ എം.കെ. ഉമേഷ്, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ എം. മനോജ് കുമാർ, ജില്ല ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ ടി. സുധീഷ്, എ.സി.എസ്.എം നോഡൽ ഓഫിസർ പി.വി. അക്ഷയ എന്നിവർ സംസാരിച്ചു.
ജില്ല ടിബി സെന്റർ കൺസൾട്ടന്റ് ഡോ. രജ്ന ശ്രീധരൻ ബോധവത്കരണ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.