കുട്ടികളെ ഊട്ടി കടക്കെണിയിലായി അധ്യാപകർ
text_fieldsകണ്ണൂർ: അധ്യയന വർഷം അവസാനിക്കാറായിട്ടും ഉച്ചഭക്ഷണ പദ്ധതി ഫണ്ട് അനുവദിക്കാതെ സർക്കാർ. ഇതോടെ എയിഡഡ് പ്രൈമറി സ്കൂളുകളിലെ അധ്യാപകർ കടക്കെണിയിലായി. ഉച്ചഭക്ഷണ പദ്ധതിയിൽ ഡിസംബർ മുതലുള്ള ഫണ്ടാണ് ഇനി കിട്ടാനുള്ളത്. 150 വിദ്യാർഥികൾക്ക് വരെ ഒരാൾക്ക് എട്ട് രൂപ വെച്ചും 150 മുതൽ 500 വരെ ഏഴു രൂപയും 500ന് മുകളിൽ ഒരാൾക്ക് ആറ് രൂപയുമാണ് സർക്കാർ നൽകുന്നത്.
2016 സെപ്റ്റംബർ അഞ്ചിന് നിശ്ചയിച്ച തുകയാണിത്. ഇതിന് ശേഷം സാധനങ്ങൾക്ക് വില ഇരട്ടിയായെങ്കിലും തുക വർധിപ്പിക്കാൻ സർക്കാർ തയാറായിട്ടില്ല. ഒരു കുട്ടിക്ക് കുറഞ്ഞത് 15 രൂപ വെച്ച് ലഭിച്ചാലേ പുതിയ മെനു അനുസരിച്ചുള്ള ഭക്ഷണം നൽകാനാകുകയുള്ളൂവെന്നാണ് അധ്യാപകരുടെ അഭിപ്രായം. കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചക്കും വികാസത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ശാരീരിക പ്രവർത്തനങ്ങൾക്കും ആവശ്യമായ ഊർജം നൽകുന്ന ധാന്യം, മാംസ്യം, കൊഴുപ്പ്, ധാതുക്കൾ തുടങ്ങിയ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ് ഭക്ഷണങ്ങൾ തയാറാക്കേണ്ടതെന്നാണ് സർക്കാർ ഉത്തരവ്. കൂടാതെ മികച്ച രീതിയിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന സ്കൂളുകൾക്ക് സർക്കാർ അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, ഇതിനനുസരിച്ച് തുക വർധിപ്പിക്കാനോ കൃത്യമായി വിതരണം ചെയ്യാനോ സർക്കാർ തയാറാകാത്ത സാഹചര്യമാണ്. ഭൂരിഭാഗം പ്രൈമറി സ്കൂളുകളിലും പി.ടി.എ ഫണ്ട് കാര്യക്ഷമമല്ലാത്തതിനാൽ സർക്കാർ ഫണ്ട് കൃത്യമായി ലഭിക്കാതായാൽ പ്രധാനാധ്യാപകർ തന്നെ ഫണ്ട് കണ്ടെത്തേണ്ട സാഹചര്യമാണ്. ഇതിനകം തന്നെ അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങളും സമരങ്ങളും ഇതിന്റെ പേരിൽ നടന്നു. സ്കൂൾ പാചക തൊഴിലാളികളുടെ ശമ്പളവും നവംബർ വരെ മാത്രമേ നൽകിയിട്ടുള്ളൂ.
ഹൈകോടതി കയറി അധ്യാപകർ
ഉച്ചഭക്ഷണ വിതരണ പദ്ധതിയിൽ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർ ഹൈകോടതിയിൽ 2018ൽ ഹരജി സമർപ്പിച്ചു. പദ്ധതി കേന്ദ്രീകൃത അടുക്കള വഴിയോ കുടുംബശ്രീയെ എൽപ്പിക്കാനോ സർക്കാർ തയാറാകണമെന്നാണ് കെ.പി.പി.എച്ച്.എ (കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോ.) ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ സൂചിപ്പിച്ചത്. കൂടാതെ കുട്ടികൾക്ക് പോഷകാഹാര പദ്ധതി വഴിയുള്ള മുട്ട, പാൽ വിതരണത്തിനും സർക്കാർ പ്രത്യേക തുക അനുവദിച്ചിട്ടില്ല. മുട്ടക്കും പാലിനുമായി 20 രൂപ മാറ്റിവെക്കുമെന്ന സർക്കാർ പ്രഖ്യാപനവും പാഴ്വാക്കായി.
അതിനാൽ പദ്ധതിയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയത്. ഇവ പരിഗണിച്ച് വിഷയത്തിൽ മറുപടി നൽകാൻ പൊതുവിദ്യാഭാസ ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെയായി കൃത്യമായ മറുപടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഹൈകോടതിക്ക് മുന്നിൽ സമർപ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.