ദേശീയപാത നിർമാണം; പ്രശ്നങ്ങൾ പഠിക്കാൻ ഉന്നത സംഘമെത്തും
text_fieldsകണ്ണൂർ: ദേശീയപാത 66ന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കെ. സുധാകരൻ എം.പിയും കണ്ണൂർ മേയർ ടി.ഒ. മോഹനനും ഡൽഹിയിൽ ചർച്ച നടത്തി. പ്രശ്നങ്ങൾക്ക് അടിയന്തര നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. മഴക്കാലത്ത് ചാല തോട്ടിലെയും പരിസരപ്രദേശങ്ങളിലെയും വെള്ളപ്പൊക്ക പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് ഓവുചാൽ സൗകര്യം വിലയിരുത്താൻ വിദഗ്ധ സംഘത്തെ അയക്കണമെന്ന് എം.പി മന്ത്രിയോട് ആവശ്യപ്പെട്ടു.
എളയാവൂർ, ചേലോറ പ്രദേശങ്ങളിലെ വയൽ മണ്ണിട്ട് നികത്തിയാണ് റോഡ് നിർമാണം. ഹെക്ടർ കണക്കിന് നെൽ കൃഷി ചെയ്തു വരുന്ന വയലുകളിൽ മണ്ണിട്ട് നികത്തിയാണ് പ്രവൃത്തി. ഇത് ഇവിടത്തെ നെൽകൃഷിയെ സാരമായി ബാധിക്കുകയും വയൽ കരക്ക് സമീപം താമസിക്കുന്ന വീടുകളിൽ വെള്ളം കയറി നശിക്കുവാനും സാധ്യതയുണ്ട്. ആയതിനാൽ സ്ഥലത്തെ വയൽ നികത്തി റോഡ് നിർമിക്കുന്നതിന് പകരം മേൽപാലം പണിയാനുള്ള നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
അതോടൊപ്പം കണ്ണൂർ കോർപറേഷൻ പരിധിയിൽ പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്നതുമായ ഊർപ്പഴശ്ശി കാവ്, ചാല മാളിക പറമ്പ് കാടാച്ചിറ റോഡിലും, മുഴപ്പിലങ്ങാട് കുളം ബസാർ ടൗണിലും അടിപ്പാത നിർമിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിയെ ബോധ്യപ്പെടുത്തി. ഉന്നയിച്ച പ്രശ്നങ്ങളെ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ പ്രസ്തുത സ്ഥലം സന്ദർശിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി ഇരുവർക്കും ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 15 ദിവസത്തിനകം അടിയന്തര നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഡൽഹി മലയാളി അസോ. പ്രസിഡന്റ് വി.എൻ. ജയരാജ്, ദേശീയപാത അതോറിറ്റി അംഗം കെ. വെങ്കിട്ട രമണ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.