തലശ്ശേരി സെന്റിനറി പാർക്ക് നവീകരണം പുരോഗമിക്കുന്നു
text_fieldsതലശ്ശേരി: ജില്ല കോടതിക്ക് മുൻവശം ദേശീയപാതയോട് ചേർന്നുള്ള ചിൽഡ്രൻസ് സെന്റിനറി പാർക്കിൽ നവീകരണം പുരോഗമിക്കുന്നു. ഏറെക്കാലമായി കാടുമൂടിക്കിടന്ന് പാർക്ക് നാശം നേരിടുകയായിരുന്നു. സാമൂഹിക വിരുദ്ധരടക്കം പാർക്ക് അസാന്മാർഗിക പ്രവർത്തനത്തിന് ഇടത്താവളവുമാക്കി. ഈ സാഹചര്യത്തിൽ പാർക്കിന്റെ നടത്തിപ്പ് തലശ്ശേരി റൂറൽ ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. ഒന്നരക്കോടി രൂപ ചെലവിലാണ് പാർക്ക് നവീകരിക്കുന്നത്. കുട്ടികളുടെ നഗരത്തിലെ പ്രധാന ഉല്ലാസ കേന്ദ്രമായി പാർക്കിനെ മാറ്റുകയാണ് ലക്ഷ്യം. കഴിഞ്ഞ മാസമാണ് നവീകരണ പ്രവർത്തനം തുടങ്ങിയത്. ഓപൺ ജിംനേഷ്യം ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളാണ് പാർക്കിൽ സജ്ജീകരിക്കുന്നത്.
നഗരത്തിലെ പ്രധാന വിനോദ കേന്ദ്രമായാണ് പാർക്ക് വികസിപ്പിക്കുന്നത്. റിക്രിയേഷൻ സെന്റർ, കൾച്ചറൽ സെന്റർ, റീഡേഴ്സ് കോർണർ തുടങ്ങിയ സംവിധാനങ്ങളുമുണ്ടാകും. സാംസ്കാരിക പരിപാടികൾ നടത്താനുള്ള സൗകര്യങ്ങളും ഇവിടെയൊരുക്കും. കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്നപ്പോഴാണ് രണ്ട് കോടി ചെലവഴിച്ച് ഉദ്യാനം പുതുക്കിപ്പണിതത്. 2011 ഫെബ്രുവരി 15ന് ദേവസ്വം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നടത്തി. ഇപ്പോഴുള്ള നവീകരണം പൂർത്തിയാവുന്നതോടെ ഉല്ലാസത്തിനെത്തുന്നവർക്ക് പാർക്ക് പുതിയൊരു അനുഭവമായിരിക്കുമെന്ന് ചരിത്രകാരൻ കെ.കെ. മാരാർ പറഞ്ഞു.
വിനോദത്തിനൊപ്പം സംഗീതവും
സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്നത് ഈ പാർക്കിലാണ്. രാഘവൻ മാസ്റ്ററുടെ സ്മരണ എക്കാലവും നിലനിർത്തുന്നതിനായി രാഘവസംഗീതം ആസ്വദിക്കാനുള്ള സൗകര്യവും പാർക്കിൽ ഒരുക്കുന്നുണ്ട്. വിനോദത്തിനൊപ്പം രാഘവ സംഗീതവും കേട്ട് പാർക്കിൽ സമയം ചെലവിടാം. രണ്ട് മാസത്തിനകം തന്നെ പാർക്ക് നവീകരണം പൂർത്തിയാക്കും.
നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, ചരിത്രകാരൻ കെ.കെ. മാരാർ, റൂറൽ ബാങ്ക് പ്രസിഡൻന്റ് സി. വത്സൻ ഡയറക്ടർ യു.കെ. പ്രകാശൻ, നഗരസഭാംഗങ്ങളായ ടി.സി. അബ്ദുൽ ഖിലാബ്, എ.ടി. ഫിൽഷാദ് തുടങ്ങിയവർ പാർക്ക് സന്ദർശിച്ച് നവീകരണ പ്രവൃത്തികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.