ഒരുങ്ങി, ഈ സ്വപ്നപാത
text_fieldsകണ്ണൂർ: അരനൂറ്റാണ്ടിലേറെയായി മലബാറുകാര്‍ കാത്തിരുന്ന സ്വപ്നപാത ഉദ്ഘാടനത്തിനൊരുങ്ങി. തലശ്ശേരി-മാഹി ബൈപ്പാസ് തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. വീഡിയോ കോൺഫറൻസ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിൻഗഡ്കരി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, പുതുച്ചേരി ഗവർണർ ഡോ. തമിഴിശൈ സൗന്ദർരാജൻ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ പങ്കെടുക്കും.
ട്രയൽ റണ്ണിനായി വ്യാഴാഴ്ച ബൈപ്പാസ് തുറന്നു നൽകിയിരുന്നു. മുഴപ്പിലങ്ങാട് നിന്നും അഴിയൂരിൽ നിന്നും ഒരേസമയം വാഹനങ്ങൾ ബൈപാസിലേക്ക് കടത്തിവിട്ട് നടത്തിയ ട്രയൽറൺ വിജയമായിരുന്നു. തലശേരി, മാഹി ടൗണുകളിൽ പ്രവേശിക്കാതെ ദേശീയപാതവഴി കടന്നുപോകാൻ ബൈപാസ് തുറക്കുന്നതോടെ സാധിക്കും. ധർമടം, തലശ്ശേരി, മാഹി, വടകര മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ബൈപാസിൽ നാല് വമ്പൻ പാലങ്ങളും ഒരു മേൽപാലവുമുണ്ട്. പാലയാട് നിന്നു തുടങ്ങി തലശ്ശേരി ബാലം വഴി 1170 മീറ്റര്‍ നീളുന്ന പാലം ഉള്‍പ്പെടെ നാലു വലിയ പാലങ്ങള്‍, അഴിയൂര്‍ മുക്കാളിയില്‍ റെയില്‍വേ മേല്‍പാലം, നാലു വെഹിക്കുലാര്‍ അണ്ടര്‍പാസുകള്‍, 12 ലൈറ്റ് വെഹിക്കുലാര്‍ അണ്ടര്‍പാസുകള്‍, അഞ്ചു സ്മോള്‍ വെഹിക്കുലാര്‍ അണ്ടര്‍പാസുകള്‍, ഒരു വെഹിക്കുലാര്‍ ഓവര്‍പാസ് എന്നിവ തലശ്ശേരി- മാഹി ബൈപാസില്‍ ഉള്‍പ്പെടുന്നു. ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ നീളത്തിലാണു ബൈപാസ്. 1543 കോടി രൂപയിലേറെ ചെലവിട്ടായിരുന്നു ബൈപ്പാസിന്റെ നിര്‍മാണം.
നാലരപ്പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ്ണ് ദേശീയപാതയില്‍ തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്കു വഴി തുറക്കുന്നത്. ദേശീയപാത 66ന്റെ ഭാഗമായി ബാലം പാലത്തിനും പള്ളൂര്‍ സ്പിന്നിങ് മില്‍ ജങ്ഷനുമിടയില്‍ കൊളശ്ശേരിക്ക് സമീപം താല്കാലിക ടോള്‍പ്ലാസയും ഒരുക്കിയിട്ടുണ്ട്. ദേശീയപാത ബൈപാസിനായി 1977ല്‍ ആരംഭിച്ച സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണു പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.