തലശ്ശേരി-മാഹി ബൈപാസ്; ഓവുചാൽ പ്രശ്നം പരിഹരിച്ചു
text_fieldsമുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് മാഹി ബൈപാസിൽ നിന്ന് യൂത്ത് മുല്ലപ്രം വഴി ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന സർവിസ് റോഡിന്റെ നിർമാണം ആരംഭിച്ചു. നിരവധി വീടുകൾക്ക് മുന്നിലൂടെ കടന്നുപോകുന്ന സർവിസ് റോഡിനോട് ചേർന്ന്, ഭൂമിനിരപ്പിൽ നിന്നും രണ്ടടിയോളം ഉയരത്തിൽ ഓവുചാൽ നിർമിച്ചിരുന്നു. ഓവുചാലിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചതോടെയാണ് സർവിസ് റോഡ് പ്രവർത്തി അധികൃതർ നിർത്തിവെച്ചത്. വീട്ടുകാരുടെ വഴി തടസ്സപ്പെടുത്തി ഉയരത്തിൽ നിർമിച്ച ഓവുചാലുകൾ പൊളിച്ചുനീക്കി ഭൂമിക്ക് സമനിരപ്പാക്കി മാറ്റിപ്പണിയണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
പ്രശ്നം രൂക്ഷമായതോടെ നിർമാണം പൂർത്തിയാക്കിയ ഓവുചാൽ കഴിഞ്ഞ ജനുവരിയിൽ പൂർണമായും പൊളിച്ചുനീക്കി ജനങ്ങൾക്ക് തടസ്സമില്ലാത്ത രീതിയിൽ പുനർനിർമിക്കുകയായിരുന്നു. സർവിസ് റോഡ് നിർമാണം നാട്ടുകാർ തടഞ്ഞതോടെ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.പി. ബാലന്റെ നേതൃത്വത്തിൽ നാട്ടുകാരുമായി ചർച്ച നടത്തിയിരുന്നെങ്കിലും കെട്ടിപ്പൊക്കിയ ഓവുചാൽ പൊളിച്ചുനീക്കി തറലെവലിൽ പുതുക്കി നിർമിക്കണമെന്ന ആവശ്യത്തിൽ നാട്ടുകാർ ഉറച്ചു നിൽക്കുകയായിരുന്നു.
മാഹിയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് യൂത്ത് മുല്ലപ്രം ജുമാമസ്ജിദിന് മുന്നിലും മാഹി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് ബൈപാസിലേക്ക് കടക്കാൻ മറുഭാഗത്തും വഴി ഒരുക്കിയാണ് സർവിസ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. നിലവിൽ ഇവിടെയുള്ളവരുടെ വീടിന്റെ തറലെവലിന് സമാനമായി ഓവുചാൽ പുതുക്കി നിർമിച്ചതോടെ പ്രദേശത്തെ വീട്ടുകാരുടെ ദുരിതങ്ങൾക്ക് പരിഹാരമായി. പ്രശ്നം പരിഹരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മുഴപ്പിലങ്ങാട്-മഹി ബൈപാസ് റോഡ് നിർമാണത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഭൂമിയും വീടും വിട്ടുകൊടുത്ത് അവിടെ മിച്ചംവന്ന ഭൂമിയിൽ താമസിച്ചുവരുകയായിരുന്ന കുടുംബങ്ങളാണ് ഇപ്പോഴിവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.