വേണം; അതിജാഗ്രത
text_fieldsകണ്ണൂർ: അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ തുറന്ന തലശ്ശേരി-മാഹി ബൈപാസിൽ ചീറിപ്പായുമ്പോൾ അതീവ ശ്രദ്ധവേണം. 100-110 കി.മീ. വേഗത്തിലാണ് ആറുവരി പാതയിലൂടെ വാഹനങ്ങൾ പായുന്നത്. മണിക്കൂറിൽ ശരാശരി 500 വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. മാഹിയിലും തലശ്ശേരിയിലും കുരുക്കിൽപെട്ട് ഇഴഞ്ഞുനീങ്ങിയിരുന്ന സ്ഥിരം യാത്രക്കാരും ലോറി ഡ്രൈവർമാരുമെല്ലാം വിശാലമായ ആറുവരിപാതയിൽ വേഗത ശരിക്കും ആഘോഷമാക്കുന്നുണ്ട്. ബൈപാസിലെ കാഴ്ചകൾ കാണാനെത്തുന്ന തദ്ദേശീയരും വേഗത്തിൽ പിന്നിലല്ല. ബൈപാസ് ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ അപകടങ്ങളുമുണ്ടാകാൻ തുടങ്ങി. രണ്ട് ദിവസത്തിനിടെ ചെറുതും വലുതുമായ പത്തിലേറെ അപകടങ്ങളാണ് ഉണ്ടായത്. ഉദ്ഘാടന ദിവസം ബൈപാസ് കാണാനെത്തിയ വിദ്യാർഥി പാലത്തിൽനിന്ന് വീണ് മരിച്ചിരുന്നു. സെൽഫിയും റീൽസുമെടുക്കാനും സാഹസികത കാണിക്കാനും എത്തുന്നവർ തലനാരിഴക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്. പലയിടത്തും റോഡ് ഒട്ടേറെ മീറ്റർ ഉയരത്തിലാണ്. പാലത്തിൽ ഇറങ്ങാനുള്ള ശ്രമവും അപകടത്തിനിടയാക്കുന്നു.
ബൈപാസിലേക്ക് കയറാം, ഇറങ്ങാം
തലശ്ശേരി: തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുളള യാത്രക്കാണ് ബൈപാസ് വഴിതുറന്നത്. 18.6 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ബൈപാസ് റോഡ്. തലശ്ശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തുനിന്ന് വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാം. ബൈപാസിലേക്ക് കയറാനും ഇറങ്ങാനും കൃത്യമായ സൂചനബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലേക്കും പ്രധാന സ്ഥാപനങ്ങളിലേക്കും കടക്കാനുള്ള വഴികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ധർമടം പാലമെത്തും മുമ്പ് മുഴപ്പിലങ്ങാട് യൂത്തിനടുത്ത് നിന്ന് ബൈപാസിൽ പ്രവേശിക്കാം. പാലം കഴിഞ്ഞ ഉടൻ ചിറക്കുനിയിൽനിന്ന് സർവിസ് റോഡിലേക്കും കയറാം. ഇവിടെനിന്ന് അടിപ്പാതവഴി പാലയാട്, മേലൂർ ഭാഗത്തേക്ക് പോകാം. കോഴിക്കോട് ഭാഗത്തേക്ക് പോകുമ്പോൾ ബാലത്തിൽ പാലമെത്തുന്നതിന് മുമ്പ് ബൈപാസിലേക്ക് കയറാം. പാലം കഴിഞ്ഞാൽ വടക്കുമ്പാട്, നെട്ടൂർ സർവിസ് റോഡിലേക്കിറങ്ങാം. ഇവിടെനിന്ന് അടിപ്പാതവഴി തലശ്ശേരി, അഞ്ചരക്കണ്ടി, ചക്കരക്കല്ല് ഭാഗത്തേക്കും കണ്ണൂർ വിമാനത്താവളത്തിലേക്കും പോകാം.
കണ്ണൂർ ഭാഗത്തേക്ക് വരുമ്പോൾ പാലമെത്തുന്നതിന് മുമ്പ് ബൈപാസിലേക്ക് കയറാം. പാലം കഴിഞ്ഞ് മേലൂർ അണ്ടലൂർ ഭാഗത്തേക്ക് ഇറങ്ങാം. എരഞ്ഞോളിപ്പാലമെത്തും മുമ്പ് ചോനാടത്ത് നിന്ന് ബൈപാസിലേക്ക് കയറാം. പാലം കഴിഞ്ഞ് കുട്ടിമാക്കൂലിൽ സർവീസ് റോഡിലേക്ക് ഇറങ്ങാം. ഇവിടെനിന്ന് സർവിസ് റോഡ് അടിപ്പാതവഴി തലശ്ശേരി, ഇരിട്ടി, കണ്ണൂർ വിമാനത്താവളം, കോടിയേരി മലബാർ കാൻസർ സെന്റർ, പന്തക്കൽ എന്നിവിടങ്ങളിലേക്ക് പോകാം. പള്ളൂർ കോയ്യോട്ടുതെരു മേൽപ്പാലത്തിനടുത്തുനിന്ന് സർവിസ് റോഡ് വഴി ബൈപാസിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യാം. മാഹി, പള്ളൂർ ഭാഗത്തേക്കും ഇതുവഴി പോകാം. ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മിൽ സിഗ്നൽ ജങ്ഷനിൽനിന്ന് ബൈപാസിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യാം. ഇതുവഴി മാഹി, ചൊക്ലി ഭാഗത്തേക്ക് പോകാം. മാഹിപ്പുഴക്ക് കുറുകെയുള്ള പാലമെത്തുംമുമ്പ് മങ്ങാട്ടുനിന്ന് ബൈപാസിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യാം. സർവീസ് റോഡ് വഴി മാഹി, ചൊക്ലി ഭാഗത്തേക്കും പോകാം. അഴിയൂർ റെയിൽവേ മേൽപ്പാലമെത്തുംമുമ്പ് കക്കടവിൽനിന്ന് ബൈപാസിലേക്ക് കയറുകയും സർവീസ് റോഡുവഴി ഇറങ്ങുകയും ചെയ്യാം.
എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് പ്രത്യേക ലെയ്ൻ
കണ്ണൂർ: തലശ്ശേരി-മാഹി ബൈപാസ് ടോള്‍ പ്ലാസയില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് പ്രത്യേക ലെയ്ന്‍ ക്രമീകരിക്കാന്‍ ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്കി. ദേശീയ പാത അതോറിറ്റിയും ടോള്‍ ഏജന്‍സിയും ഇതിനാവശ്യമായ ക്രമീകരണം ഒരുക്കണം. ഉദ്ഘാടന ദിവസം ടോള്‍ പ്ലാസയിലുണ്ടായ വാഹനത്തിരക്ക് കണക്കിലെടുത്താണ് തീരുമാനം. ടോള്‍ പ്ലാസക്ക് സമീപം രണ്ടാമത്തെ ലെയ്നാണ് എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് കടന്നുപോകാനായി ക്രമീകരിക്കുക. ഇതിനായി 100 മീറ്റര്‍ ദൂരം താല്‍ക്കാലിക ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ക്ക് ചെയ്യും. മറ്റ് വാഹനങ്ങള്‍ ഒന്നും മൂന്നും ലെയ്നിലായാണ് ടോള്‍ പ്ലാസക്ക് സമീപം നിര്‍ത്തേണ്ടത്.
ഇതിനാവശ്യമായ ജീവനക്കാരെ നിയോഗിക്കാനും നിര്‍ദേശങ്ങളടങ്ങിയ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ബൈപാസ് ടോള്‍ പ്ലാസയില്‍ പിഴ ഇൗടാക്കുന്നുണ്ട്. ഫാസ് ടാഗ് എടുക്കുന്നതിന് സൗകര്യമൊരുക്കാന്‍ ബൈപാസില്‍ രണ്ടിടത്ത് കിയോസ്ക്ക് പ്രവര്‍ത്തിക്കുന്നതായി ദേശീയപാത അതോറിറ്റി അറിയിച്ചു. ഉദ്ഘാടന ദിവസം മണിക്കൂറില്‍ ശരാശരി 400 വാഹനങ്ങളാണ് ബൈപാസ് വഴി കടന്നുപോയത്. കൂടുതല്‍ വാഹനങ്ങള്‍ ഫാസ്റ്റ് ടാഗ് ഉപയോഗിക്കുന്നതോടെ ടോള്‍പ്ലാസയിലെ തിരക്ക് കുറയുമെന്നും അവര്‍ പറഞ്ഞു. ടോള്‍ പ്ലാസയിലെ തിരക്ക് ഒഴിവാക്കാന്‍ ആവശ്യമായ ക്രമീകരണം സംബന്ധിച്ച് പ്രപ്പോസല്‍ തയാറാക്കി സമര്‍പ്പിക്കാനും യോഗം ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്കി. യോഗത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍, എ.ഡി.എം നവീന്‍ ബാബു, ദേശീയപാത അതോറിറ്റി, ആര്.ടി.ഒ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
ലെയ്ൻ ശ്രദ്ധിക്കണം
ആറുവരി പാതയിൽ അങ്ങോട്ടും ഇങ്ങോട്ടും മൂന്നു വീതം ലെയ്നുകളായാണ് വാഹനങ്ങൾ സഞ്ചരിക്കേണ്ടത്. ഇടതുവശമുള്ള പാത വേഗം കുറഞ്ഞ വാഹനങ്ങൾക്കാണ്. ഇരുചക്രവാഹനങ്ങൾ, മുച്ചക്രവാഹനങ്ങൾ, ചരക്കു വാഹനങ്ങൾ, സ്കൂൾ വാഹനങ്ങൾ എന്നിവ ഈ ലെയ്നിൽ തുടരണം. രണ്ടാമത്തെ ലെയ്ൻ വേഗം കൂടിയ വാഹനങ്ങൾക്കാണ്. മൂന്നാമത്തെ ലെയിൻ മറികടക്കാൻ മാത്രമുള്ളതാണ്. ആംബുലൻസ്, ഫയർ സർവിസ് തുടങ്ങിയ എമർജൻസി വാഹനങ്ങൾക്ക് ഇതിലൂടെ സഞ്ചരിക്കാം. സിഗ്നൽ നൽകി വേഗം കുറച്ച് ലെയ്ൻ മാറി അതീവ ശ്രദ്ധയോടെ വേണം സർവിസ് റോഡിലേക്ക് ഇറങ്ങാൻ.
സാഹസികാഭ്യാസം തുടരുന്നു
ബൈപാസിലെ തിരക്കൊഴിയുന്ന സമയങ്ങളിൽ സർവിസ് റോഡിലടക്കം യുവാക്കളുടെ ബൈക്ക് അഭ്യാസവും നടക്കുന്നുണ്ടെന്ന് നാട്ടുകാർ. രാത്രിയിൽ അമിതവേഗത്തിൽ പായുന്ന കാറുകളുടെയും സ്പോർട്സ് ബൈക്കുകളുടെയും ശബ്ദം കേൾക്കാറുണ്ടെന്ന് പരിസരവാസികൾ. ഉദ്ഘാടനത്തിന് മുമ്പ് വാഹനങ്ങൾ കൊണ്ടുള്ള സാഹസികാഭ്യാസത്തിൽ നിരവധി അപകടങ്ങളാണ് ഉണ്ടായത്. സർവിസ് റോഡിലേക്ക് ഇറങ്ങുന്നതിനിടയിലും ബൈപാസിലും ബൈക്ക് അപകടത്തിൽ നേരത്തേ രണ്ട് യുവാക്കൾ മരിച്ചിരുന്നു.
ഒന്നും കാണാൻ കാമറയില്ല
ബൈപാസിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ കാമറകളില്ല. എ.ഐ കാമറകൾ സ്ഥാപിച്ച് അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും കണ്ടെത്തേണ്ടതുണ്ട്. ബൈപാസിൽ കാറുകൾക്ക് 80 കിലോമീറ്ററും ബസുകൾക്കും ട്രക്കുകൾക്കും 60 കിലോമീറ്ററുമാണ് മണിക്കൂറിൽ പരമാവധി വേഗപരിധി. കാമറകളില്ലാത്തതിനാൽ ചില ഡ്രൈവർമാർ അതിവേഗത്തിൽ പായുന്നുണ്ട്. കാമറകൾ സ്ഥാപിക്കുന്നതുവരെ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നിരീക്ഷണമുണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്റർസെപ്റ്റർ വാഹനങ്ങളുടെ സേവനവും ഉറപ്പാക്കണം. സിഗ്നൽ സംവിധാനവും സൂചനാബോർഡുകളും ഒരുക്കിയിട്ടുണ്ടെങ്കിലും തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. ഇതിന്റെ ടെൻഡർ നടപടികൾ പോലും ആരംഭിച്ചിട്ടില്ലെന്നാണ് വിവരം.
വൺവേ പാലിക്കണം
സർവിസ് റോഡിൽനിന്ന് ബൈപാസിലേക്കും തിരിച്ചും കടക്കുമ്പോൾ വൺവേ പാലിക്കാതെ വാഹനങ്ങൾ തോന്നിയതുപോലെ പായുന്നത് അപകടത്തിനിടയാക്കുന്നു. കൗതുകത്തിനായി ബൈപാസിൽ കയറിയിറങ്ങുന്ന വാഹനങ്ങൾ വൺവേ തെറ്റിച്ച് തിരിച്ചിറങ്ങുകയാണെന്ന് പരാതിയുണ്ട്. ഇത് മറ്റ് റോഡുകളുമായി ചേരുന്ന സർവിസ് റോഡുകളിൽ അപകടത്തിനിടയാക്കുന്നു. സർവിസ് റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടെങ്കിലും ബൈപാസ് ഉദ്ഘാടനത്തിന് മുമ്പ് വൺവേ തെറ്റിച്ച് ഓടിയതുപോലെയാണ് ഇപ്പോഴും വാഹനങ്ങൾ പാതയിലേക്ക് കയറുന്നത്. വൺവേ തെറ്റിച്ചുപോകുന്ന വാഹനങ്ങൾ കാൽനട യാത്രക്കാർക്കും വെല്ലുവിളിയാണ്. നടപ്പാതയില്ലാത്തതിനാൽ കാൽനട യാത്രയും അപകടകരമാണ്.
ടോൾ ബൂത്തിൽ തിരക്കോട് തിരക്ക്
മാഹി: തലശ്ശേരി- മാഹി ബൈപാസ് തുറന്നതോടെ നിരത്തിൽ ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ വൻനിര. മീത്തലെപീടിക മുതൽ പൂഴിത്തല വരെയുള്ള ഇടുങ്ങി വീതി കുറഞ്ഞ പാതയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെട്ട് പുതിയ പാതയിൽ കയറുന്ന വാഹനങ്ങൾ കൊളശ്ശേരിയിൽ സ്ഥാപിച്ച ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കിൽപ്പെടുകയാണ് ഇപ്പോൾ. നിരവധി വാഹനങ്ങളുടെ നീണ്ട നിരയാണ് പുതിയപാതയിലെ ടോൾ ബൂത്തിൽ രൂപം കൊള്ളുന്നത്. ഫാസ് ടാഗ് സംവിധാനം ഇല്ലാത്ത വാഹനങ്ങളാണ് ടോൾ ബൂത്തിൽ കുടുങ്ങുന്നതിലധികവും. ടോൾ ബൂത്തിൽ എത്തുന്ന ഇത്തരം വാഹനങ്ങൾ ഇരട്ടി പൈസ നൽകണം. കാർ, ജീപ്പ് എന്നിവക്ക് 65 എന്നത് ഫാസ് ടാഗ് ഇല്ലെങ്കിൽ 130 രൂപ നൽകണം. ഇതേ ചൊല്ലി ടോൾ ബൂത്ത് ജീവനക്കാരുമായി ഡ്രൈവർമാർ വാക്ക് തർക്കവും തുടങ്ങി. ഫാസ് ടാഗിൽ പണം നൽകാൻ മൊബൈൽ ആപ് തുറക്കണം.
ടോൾ തുക കണക്കിൽ വന്നോയെന്ന് ഉറപ്പ് വരുത്തുമ്പോഴേക്കും മിനിട്ടുകൾ കഴിഞ്ഞിരിക്കും. ഇതിനിടയിൽ പിന്നിൽ ക്യൂ നിൽക്കുന്ന വാഹനങ്ങളുടെ നീണ്ട ഹോണടി എല്ലാം കൂടി ബഹളമയം. തലശ്ശേരി നിന്ന് പൊലീസ് എത്തി വാഹനങ്ങൾ നിയന്ത്രിച്ചുവരുകയാണ്. കണ്ണൂർ - കോഴിക്കോട് ഭാഗത്ത് ദേശീയ പാതയിൽ ഇപ്പോൾ ടോൾ ബൂത്തുകളില്ല. ട്രാഫിക് നിയമം തെറ്റിച്ച് പാതയിൽ കയറുന്നവരും ചില വണ്ടികളിൽ ഉരസുന്നതും വഴക്കിനിടയാക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം വാഹനങ്ങൾ ഫാസ് ടാഗ് സംവിധാനത്തിലേക്ക് മാറുകയെന്നതാണ്. ഉത്തർ പ്രദേശിലെ ഒരു സ്വകാര്യ കമ്പനിയാണ് ടോൾ പിരിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തത്. ഇതേ കമ്പനി തന്നെയാണ് കണ്ണൂർ വിമാനത്താവളത്തിലും ടോൾ പിരിക്കുന്നത്. പരിചയ സമ്പന്നരായ ജീവനക്കാരാണ് ടോൾ പ്ലാസയിൽ ജോലി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.