അടിപ്പാതയല്ല, ചിത്രപാത
text_fieldsതലശ്ശേരി: തലശ്ശേരി -മാഹി ബൈപാസ് അടിപ്പാതക്ക് വർണങ്ങളിലൂടെ സൗന്ദര്യം. നിർമാണം അതിവേഗം പൂർത്തിയാകുന്ന ബൈപാസിന്റെ ഭാഗമായി ആദ്യം പണിത ചിറക്കുനിയിലെ അടിപ്പാതയിലാണ് എട്ട് യുവചിത്രകാരികൾ ചേർന്ന് ത്രിമാനചിത്രങ്ങൾ വരച്ചത്.
നീലാകാശത്തിലൂടെ പറന്നുയരുന്ന വിമാനവും ഇരുവശത്തും പല പ്രായത്തിലും വേഷത്തിലുമുള്ള മനുഷ്യരും തെളിയുന്ന ആർട്ട്‌വാൾ അടിപ്പാതയിലൂടെ കടന്നുപോകുന്നവർക്ക് വേറിട്ട ദൃശ്യാനുഭവമാവുകയാണ്. റോഡിന്റെ രണ്ടുവശങ്ങളിലെ ചുവരുകളെ ബന്ധിപ്പിക്കുന്ന മുകളിലുള്ള അടിച്ചുമരിലാണ് പറക്കുന്ന വിമാനത്തിന്റെ ത്രിമാനചിത്ര കൗതുകമുള്ളത്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ വശങ്ങളിൽ മിന്നിമറയുന്ന കാഴ്‌ചപോലെ വഴിയാത്രികർക്ക് അത്ഭുതദൃശ്യമായി ആർട്ട്‌വാൾ മാറുന്നുണ്ട്. തിരുവനന്തപുരത്തെ മ്യൂസിയം ആർട്ട് സയൻസാണ് ചുമർചിത്ര രചനക്ക് നേതൃത്വം നൽകിയത്. വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെ. അഖിനു, ഒ.പി. അക്ഷയ, അംബിക പ്രകാശ്, അനൂപ കെ. ജേക്കബ്, ആലിസ് മഹാമുദ്ര, ബി. മഞ്ജു, എസ്.എം. രേഷ്മ, തുഷാര ബാലകൃഷ്ണൻ എന്നീ ചിത്രകാരികൾ ചിറക്കുനിയിൽ വാടക വീടെടുത്ത് രണ്ടാഴ്ചയോളം താമസിച്ചാണ് ജീവൻ തുടിക്കുന്ന വർണചിത്രകൂടാരം ഒരുക്കിയത്.
ചിത്രകാരികളെല്ലാം സ്വദേശത്തേക്ക് മടങ്ങി. കെ.പി. അജയ്, രതീഷ്‌കുമാർ എന്നിവരാണ് ഇവർക്ക് സങ്കേതിക സഹായം നൽകിയത്. ധർമടത്തെ ആർട്ടിസ്‌റ്റ് ഉദയകുമാർ സഹായിയായി കൂടെ നിന്നു. 9000 ചതുരശ്ര അടി വ്യാപ്തിയിലുള്ളതാണ് ചുവർചിത്രം.
നേരം ഇരുട്ടിയാലും ദൃശ്യങ്ങൾ ആസ്വദിക്കുന്നതിനായി വെളിച്ച സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പെൺ വരയിൽ വിരിഞ്ഞ ആർട്ട് വാൾ കൗതുകം 13ന് പാലയാട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.