തലശ്ശേരിയിൽ കെമിക്കൽ മൊത്ത സ്ഥാപനം കത്തിനശിച്ചു
text_fieldsതലശ്ശേരി: ലാബ് ഉപകരണങ്ങളും കെമിക്കൽസും വിൽപന നടത്തുന്ന നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനം തീപിടിച്ച് നശിച്ചു. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് എം.ജി ബസാറിൽ പ്രവർത്തിക്കുന്ന അക്ഷയ അസോസിയേറ്റ്സിലാണ് ബുധനാഴ്ച അർധരാത്രി ഒന്നോടെ തീപിടിത്തമുണ്ടായത്.
മൂന്ന് മുറികളിലായി സൂക്ഷിച്ച കെമിക്കൽസ്, ലാബ് ഉപകരണങ്ങൾ, ഗ്ലാസ് വെയേഴ്സുകൾ, സർജിക്കൽസ് ഉപകരണങ്ങൾ മൊത്തമായി കത്തിനശിച്ചു. സമീപത്തെ കടയിൽ ചായ കുടിക്കാനെത്തിയവർ കെട്ടിടത്തിൽനിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപെട്ടയുടനെ അഗ്നിരക്ഷ സേനയിൽ വിവരമറിയിക്കുകയായിരുന്നു.
മൂന്ന് യൂനിറ്റെത്തി മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണക്കാനായത്. ഓഫിസിലെ കമ്പ്യൂട്ടർ, ഫയലുകൾ, ഫർണിച്ചറുകൾ, സി.സി.ടി.വി എന്നിവക്കും തീപടർന്ന് നാശമുണ്ടായി. ഷോർട്ട് സർക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
പൊന്ന്യം മൂന്നാം മൈലിലെ സൂര്യകിരണിൽ പി.കെ. രാജീവന്റെ ഉടമസ്ഥതയിലുളളതാണ് സ്ഥാപനം. തീപിടിത്തത്തിൽഏതാണ്ട് 40 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. ലാബ് ഉപകരണങ്ങളുടെയും കെമിക്കൽസിന്റെയും ജില്ലയിലെ മൊത്ത വിതരണക്കാരാണ് അക്ഷയ അസോസിയേറ്റ്സ്.
ഒഴിവായത് വൻ ദുരന്തം
അഗ്നിരക്ഷാ സേനയുടെ സന്ദർഭോചിത ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തത്തിൽ നിന്ന് തലനാഴിരക്ക് നഗരം രക്ഷപ്പെട്ടത്. തീപിടിത്തമുണ്ടായ സ്ഥാപനത്തിന് സമീപത്തും മുകളിലും തൊട്ടടുത്ത കെട്ടിടത്തിലും നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ലാബുകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് കത്തിയവയിൽ ഏറെയും. ഷോർട്ട് സർക്യൂട്ടാവാം അഗ്നിബാധക്ക് കാരണമായതെന്നാണ് നിഗമനം. തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാ റാണി, വാർഡ് കൗൺസിലർ സി.ഒ.ടി. ഷബീർ എന്നിവർ സ്ഥാപനം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.