പുന്നോലിൽ പഴം-പച്ചക്കറി കട കത്തിനശിച്ചു
text_fieldsതലശ്ശേരി: മാഹി ദേശീയപാതയിൽ പുന്നോൽ കുറിച്ചിയിൽ പാതയോരത്ത് പ്രവർത്തിക്കുന്ന പഴം -പച്ചക്കറിക്കട കത്തിനശിച്ചു. ബുധനാഴ്ച പുലർച്ച രണ്ടരക്കാണ് സംഭവം. കുറിച്ചിയിൽ റെയിൽവേ ഗേറ്റിന് സമീപത്ത് പ്രദേശവാസിയായ മുരിക്കോളി കുന്നോത്ത് അസീസ് നടത്തിവരുന്ന കുടുംബശ്രീ പഴം -പച്ചക്കറി കടയാണ് അഗ്നിക്കിരയായത്.
കടയിലെ സാധന സാമഗ്രികളടക്കം കത്തിനശിച്ചു. ഇരുമ്പ് ഷീറ്റുകളും ഇരുമ്പ് പൈപ്പുകളും താർപായകളും ഉപയോഗിച്ച് നിർമിച്ച വലിയ ഷെഡിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. തലശ്ശേരി അഗ്നിരക്ഷാനിലയത്തിലെ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. റഫ്രിജറേറ്ററുകൾ, സാധനങ്ങൾ തൂക്കുന്ന മെഷീനുകൾ, ഫ്രീസറുകൾ, ഫർണിച്ചറുകൾ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും പച്ചക്കറികളും പഴങ്ങളും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.
കത്തിനശിച്ച സ്ഥാപനത്തിന് സമീപത്തെ താമസക്കാരനായസജ്ജാദ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അസീസിന് കട നടത്താൻ ഏൽപിച്ചെന്നാണ് ലഭ്യമായ വിവരം. തീപിടിത്തമുണ്ടായ കാരണം വ്യക്തമല്ല. പുലർച്ചയുണ്ടായ സംഭവത്തിന് പിന്നിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. തക്കസമയത്ത് തീയുയരുന്നത് വഴിയാത്രക്കാർ കണ്ടതിനാലാണ് വൻദുരന്തമൊഴിവായത്. കടയുടെ ചുറ്റുമായി നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. കടക്ക് തീവെച്ചതാണെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ ന്യൂ മാഹി പൊലീസ് അന്വേഷണം തുടങ്ങി.
കടയിലെ നിരീക്ഷണ കാമറകളും മറ്റും കത്തിനശിച്ചെങ്കിലും തീ പിടിക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. തലശ്ശേരിയിൽനിന്ന് കോഴിക്കോട് പുതിയാപ്പയിൽ മത്സ്യമെടുക്കാൻ പോവുകയായിരുന്ന തലശ്ശേരി കസ്റ്റംസ് റോഡിലെ പുതിയപുരയിൽ ഫൈസലാണ് തീയുയരുന്നത് ആദ്യമായി കണ്ടത്. തലശ്ശേരി അഗ്നിരക്ഷാനിലയത്തിലും ന്യൂമാഹി പൊലീസ് സ്റ്റേഷനിലും ഇയാളാണ് വിവരമറിയിച്ചത്. ന്യൂമാഹി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ വി.കെ. സന്ദീപിന്റെ നേതൃത്വത്തിൽ നിരൂപ്, റെനീഷ്, ശരത്ത്, ബിനീഷ്, ഗോകുൽ, നോബിൾ, പ്രേംലാൽ, സുബീഷ് പ്രേം എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്. പുന്നോൽ ദേശീയപാതയിൽ ഇതിന് മുമ്പും ഷെഡിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഇതുപോലെ കത്തിനശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.