ലഹരിമരുന്നും പണവുമായി തലശ്ശേരിയിൽ മൂന്നംഗ സംഘം പിടിയിൽ
text_fieldsതലശ്ശേരി: മാരക ലഹരി ഉൽപന്നങ്ങളും പണവുമായി ദമ്പതികളടക്കം മൂന്നു പേർ അറസ്റ്റിൽ. എടക്കാട് കുറ്റിക്കകം ഒടോൻ ഹൗസിൽ വി.പി. സുജീഷ് (29), തലശ്ശേരി മട്ടാമ്പ്രത്തെ കുമ്പളപ്രോൻ ഹൗസിൽ കെ.പി. യൂനുസ് (33), ഭാര്യ റഷീദ (30) എന്നിവരാണ് പിടിയിലായത്. 108.12 ഗ്രാം ബ്രൗൺഷുഗറും 51.970 ഗ്രാം ഓപ്പിയവും 49,000 രൂപയും ഇവരിൽനിന്ന് കണ്ടെടുത്തു.
നേത്രാവതി എക്സ്പ്രസിൽ മുംബൈയിൽനിന്നെത്തിയ ഇവരെ വെള്ളിയാഴ്ച രാവിലെ എട്ടരക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പൊലീസ് പിടികൂടിയത്. യൂനുസിന്റെയും സുജീഷിന്റെയും ബാഗിൽനിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. റഷീദയിൽനിന്ന് പണവും പിടികൂടി.
തലശ്ശേരി ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് നഗരത്തിൽ ലഹരിമരുന്ന് വിപണനം നടത്തുന്ന സംഘത്തിൽപെട്ടവരെ പൊലീസ് ഏതാനും ദിവസങ്ങളായി നിരീക്ഷിച്ചുവരുകയായിരുന്നു. പിടിയിലായവർ സ്ഥലത്തില്ലെന്ന് മനസ്സിലാക്കി പൊലീസ് ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മുംബൈയിലാണെന്നു കണ്ടെത്തി.
നാട്ടിലേക്കു മടങ്ങുന്നതായുള്ള സൂചന ലഭിച്ചതിനെ തുടർന്ന് ഇവരെ തലശ്ശേരിയിലെത്തിയപ്പോൾ കൈയോടെ പിടികൂടുകയായിരുന്നു. പരിശോധനക്കിടെ ബോധരഹിതയായ റഷീദക്ക് ജനറൽ ആശുപത്രിയിൽ ചികിത്സ നൽകി. ലഹരി വിപണനവുമായി പ്രതികൾക്ക് നേരത്തേ ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ സി. ജയൻ, എസ്.ഐ ഷെമിമോൾ, എ.എസ്.പി സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ്, കണ്ണൂർ സിറ്റി പൊലീസ് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വൈകീട്ട് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.