മാലിന്യമുക്ത നഗരം; തലശ്ശേരിയിൽ നാളെ പ്രവൃത്തികളുടെ ജനകീയ വിലയിരുത്തൽ
text_fieldsതലശ്ശേരി: നഗരം മാലിന്യമുക്തമാക്കുന്നതിന് ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ജനകീയ വിലയിരുത്തലിന് വിധേയമാക്കുന്നു. തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ ഹരിതസഭ എന്ന പേരിലാണ് നഗരസഭ ടൗൺ ഹാളിൽ പരിപാടി സംഘടിപ്പിക്കുന്നത്.
നഗരം മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിൽ എത്രമാത്രം പുരോഗതിയുണ്ടായി എന്നത് യോഗത്തിൽ വിലയിരുത്തുമെന്ന് ചെയർപേഴ്സൻ കെ.എം. ജമുനാറാണിയും ക്ലീൻസിറ്റി മാനേജർ കെ. പ്രമോദും വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാലിന്യ സംസ്കരണത്തിന് മുഖ്യപരിഗണന നൽകി കഴിഞ്ഞ മൂന്നു വർഷമായി നഗരസഭ ആരോഗ്യ വിഭാഗം ശക്തമായ ഇടപെടൽ നടത്തിവരുകയാണെന്ന് ചെയർപേഴ്സൻ പറഞ്ഞു. 52 ബോട്ടിൽ ബൂത്തുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.നഗരത്തിലെ മാലിന്യക്കൂമ്പാരങ്ങൾ കണ്ടെത്തി പൂർണമായും നീക്കം ചെയ്തു.
അനധികൃതമായി പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ 28 സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സജ്ജമാക്കി. കഴിഞ്ഞ ദിവസം മുതൽ ഇവ പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. മാലിന്യം തള്ളിയ രണ്ടുപേരെ കാമറയിൽ കണ്ടെത്തി പിഴ ചുമത്തി. മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി നഗരത്തിലെ മുഴുവൻ ഓവുചാലുകളിലെയും മണ്ണും ചളിയും നീക്കി. മലിനജലം ഒഴുക്കിവിടുന്നവരിൽ നിന്നും 53,190 രൂപ പിഴ ഈടാക്കി. പ്ലാസ്റ്റിക്ക് മാലിന്യത്തിന് 40,000 രൂപയും ഹോട്ടൽ പരിശോധനയിലൂടെ 27,080 രൂപയും പിഴ ഈടാക്കി.
നഗരപരിധിയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യങ്ങൾ ഹരിത കർമസേനക്ക് കൈമാറണമെന്നും വിസമ്മതിക്കുന്നവർക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയോ ആറു മാസം മുതൽ മൂന്നു വർഷം വരെ തടവുശിക്ഷയോ ലഭിക്കുന്ന വ്യവസ്ഥയുണ്ടെന്നും ചെയർപേഴ്സൻ പറഞ്ഞു.
നഗരസഭ അംഗങ്ങളായ സി. ഗോപാലൻ, ടി.കെ. സാഹിറ, എ.ടി. ഫിൽഷാദ്, എച്ച്.ഐമാരായ അരുൺ എസ്. നായർ, വിജേഷ് കുമാർ, അനിൽകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.