കിണർ മൂടുന്നതിനിടെ കല്ലിടിഞ്ഞ് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
text_fieldsതലശ്ശേരി: ഉപയോഗശൂന്യമായ കിണറിന്റെ ആൾമറയും തൊട്ടടുത്ത പഴയ കടയും ഇടിച്ചു മൂടുന്നതിനിടയിൽ കല്ലിടിഞ്ഞ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കോടിയേരി മൂഴിക്കരയിലെ മങ്ങാടൻ പ്രകാശനാണ് (53) ജോലിക്കിടയിൽ അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ 11.30 ഓടെ പഴയ ബസ് സ്റ്റാൻഡ് ഓടത്തിൽ പള്ളിക്കടുത്താണ് സംഭവം. തച്ചറക്കൽ മഹമൂദിന്റേതാണ് കിണറും സ്ഥലവും. നിലവിളി കേട്ട് ഓടിയെത്തിയ ടൗണിലെ ചുമട്ടുതൊഴിലാളികളും അഗ്നിശമന സേനാംഗങ്ങളും അരമണിക്കൂറിലേറെ പ്രയത്നിച്ചാണ് പ്രകാശനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
കല്ലിനടിയിൽ കുടുങ്ങി ഇദ്ദേഹത്തിന്റെ ഇടതുകാലിന് ഗുരുതരമായി ഒടിവേറ്റു. ഓടത്തിൽ പള്ളിയിലേക്കുള്ള വഴിയിൽ ഏതാനും കടകൾക്ക് നടുവിലായുള്ള കെട്ടിടത്തിനുള്ളിലെ പഴയ കിണർ മൂടുന്ന പ്രവൃത്തി കഴിഞ്ഞ രണ്ടു ദിവസമായി നടക്കുകയാണ്.
ഇതിനിടെ മഴ കനത്തു പെയ്തതു കാരണം കിണറിന്റെ പരിസരത്തുള്ള കടയുടെ അടിത്തറയും ചുമരും കുതിർന്നിരുന്നു. അപകടാവസ്ഥയിലുള്ള കിണറിനോട് ചേർന്നുളള ചെങ്കൽ കെട്ട് ഇടിഞ്ഞാണ് തൊഴിലാളിയുടെ കാൽ കുടുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.