നവീകരണത്തിനുശേഷം തലശ്ശേരി ചില്ലറ മത്സ്യമാർക്കറ്റ് തുറന്നു
text_fieldsതലശ്ശേരി: നഗരത്തിലെ ജൂബിലി ചില്ലറ മത്സ്യ മാർക്കറ്റ് നവീകരണത്തിന് ശേഷം തുറന്നു. 13 വർഷം പഴക്കമുള്ള കെട്ടിടത്തിൽ 13 ലക്ഷം രൂപ ചെലവിലാണ് നഗരസഭയുടെ നേതൃത്വത്തിൽ നവീകരണം നടത്തിയത്. നിലത്തെ ടൈലുകൾ മാറ്റി. കെട്ടിടം മുഴുവൻ പെയിന്റടിച്ച് മിനുക്കി.
വൈദ്യുതി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടില്ല. ഇടക്കിടെ മഴയുള്ളതിനാൽ താൽക്കാലിക സംവിധാനം മതിയാക്കി വ്യാപാരികൾ നിർബന്ധപൂർവം മാർക്കറ്റിൽ കയറി കച്ചവടം ആരംഭിക്കുകയായിരുന്നു. രണ്ട് മാസമെടുത്താണ് മാർക്കറ്റിൽ നവീകരണം നടത്തിയതെങ്കിലും ഇവിടെയുള്ള വ്യാപാരികളും തൊഴിലാളികളും പൂർണ തൃപ്തരല്ല. നിർമാണ പ്രവൃത്തികളിൽ അപാകതയുണ്ടെന്നാണ് ആക്ഷേപം. എൻജിനിയർമാരുടെ മേൽനോട്ടമില്ലാതെയാണ് പ്രവൃത്തി നടത്തിയതെന്നും സംസാരമുണ്ട്.
നവീകരണം 13 വർഷത്തിനു ശേഷം
മത്സ്യത്തൊഴിലാളികളുടെയും യൂനിയനുകളുടെയും പൂർണ സഹകരണത്തോടെയാണ് മാർക്കറ്റിൽ അറ്റകുറ്റപ്പണികൾ നടത്തിയത്. 2010 ആഗസ്റ്റ് ഒന്നിനാണ് കടൽ തീരത്തിന് സമീപം നഗരസഭയുടെ പുതിയ മാർക്കറ്റ് കെട്ടിടം പ്രവർത്തനമാരംഭിച്ചത്. ഉദ്ഘാടന ശേഷം മാസങ്ങൾ കഴിഞ്ഞ് 2011 ജനുവരി 29 മുതലാണ് പുതിയ കെട്ടിടത്തിൽ മത്സ്യവിൽപന ആരംഭിച്ചത്. 93 ലൈസൻസികൾ ഇവിടെയുള്ളസ്റ്റാളുകളിൽ മീൻ കച്ചവടം നടത്തുന്നുണ്ട്. ഇത്രയും പേർക്ക് കച്ചവടം ചെയ്യാനുള്ള മതിയായ സൗകര്യങ്ങൾ ഇല്ലാത്തത് തൊഴിലാളികൾക്കിടയിൽ മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നെങ്കിലും പരസ്പര ധാരണയോടെ കച്ചവടം ചെയ്യുന്നതിനാൽ വലിയ പ്രശ്നങ്ങൾ മുമ്പ് ഉണ്ടായിരുന്നില്ല. സമയാ സമയങ്ങളിൽ അറ്റകുറ്റ പ്രവൃത്തികൾ നടത്താത്തതിനാൽ സ്റ്റാൾ സമാനമായ സ്ലാബുകൾ മിക്കതും പൊട്ടിപൊളിഞ്ഞിരുന്നു. നിലത്ത് പാകിയ ടൈൽസിലും വഴുക്കലുള്ളതിനാൽ മത്സ്യം വാങ്ങാനെത്തുന്നവർ തെന്നിവീഴുന്നതും പതിവായി. കച്ചവടക്കാരുടെയും തൊഴിലാളികളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് നഗരസഭ ഇടപെട്ട് അറ്റകുറ്റപ്പണി നടത്തുന്നതിന് ഫണ്ട് അനുവദിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് 13 വർഷം കഴിഞ്ഞുവെങ്കിലും ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിൽ ഇറച്ചി മാർക്കറ്റിനായി നീക്കിവെച്ച കെട്ടിടം ഇപ്പോഴും ഒഴിഞ്ഞു കിടപ്പാണ്. വലിയ സാമ്പത്തിക നഷ്ടമാണ് ഇതുവഴി നഗരസഭക്കുണ്ടായത്. കെട്ടിടം നോക്കുകുത്തിയായി.
ചളി നിറഞ്ഞ് പരിസരം
നവീകരണത്തിന് മാർക്കറ്റ് അടച്ചപ്പോൾ മത്സ്യക്കച്ചവടത്തിന് മാർക്കറ്റിന് മുന്നിൽ തന്നെ താത്കാലിക സംവിധാനവുമൊരുക്കിയിരുന്നു. ഇവിടെ മുഴുവൻ ഇപ്പോൾചെളിക്കളമായി മാറി.ഇതിലൂടെ നടന്നുവേണം മാർക്കറ്റിലേക്ക് കയറാൻ. പരിസരം മുഴുവൻ ശുചീകരിക്കാതെ മാർക്കറ്റ് തുറന്നത് മത്സ്യം വാങ്ങാനെത്തുന്നവർക്ക് ദുരിതമായി മാറുകയാണ്. ദിവസവും മഴ പെയ്യുന്നതിനാൽ പരിസരം മുഴുവൻ ചളി നിറയുകയാണ്. മാർക്കറ്റിലെത്തുന്ന വാഹനങ്ങൾ കടന്നുപോവുന്നതും ഇതുവഴിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.