കെ.സി.എ പിങ്ക് ചലഞ്ചേഴ്സ് കപ്പ്: മിന്നും താരമായി അക്ഷയ
text_fieldsതലശ്ശേരി: ക്രിക്കറ്റ് അസോസിയേഷൻ ആലപ്പുഴയിൽ നടത്തിയ രണ്ടാമത് പിങ്ക് ട്വൻറി ട്വൻറി ചലഞ്ചേഴ്സ് കപ്പ് ടൂർണമെന്റിൽ മികച്ച താരമായി തലശ്ശേരിക്കാരിയായ അക്ഷയയെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ റണ്ണറപ്പായ ടീം റൂബിയുടെ ക്യാപ്റ്റനായിരുന്നു അക്ഷയ. ടൂർണമെന്റിലുടനീളം മികച്ച ഓൾ റൗണ്ട് പ്രകടനം കാഴ്ചവെച്ച അക്ഷയ, ഒമ്പത് മത്സരങ്ങളിൽ 376 റൺസും എട്ട് വിക്കറ്റും നേടിയാണ് താരമായത്. ഒരു സെഞ്ച്വറിയും (102 റൺസ്) രണ്ട് അർധ സെഞ്ച്വറിയും (83 റൺസ്, 65 റൺസ്) അടക്കം 53.71 റൺസ് ശരാശരിയിലാണ് അക്ഷയ 376 റൺസ് അടിച്ചുകൂട്ടിയത്. ഐ.പി.എൽ മാതൃകയിൽ കേരളത്തിലെ മികച്ച വനിതാതാരങ്ങളെ അഞ്ച് ടീമുകളാക്കി തിരിച്ച് റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലായിരുന്നു ടൂർണമെന്റ്.
2018-19 സീസണിൽ റാഞ്ചിയിൽ നടന്ന അണ്ടർ 23 ഇന്ത്യ ചലഞ്ചേഴ്സ് ട്രോഫിയിൽ ഇന്ത്യ ഗ്രീനിന് വേണ്ടി അക്ഷയ കളിച്ചിട്ടുണ്ട്. 2017-18 സീസണിൽ മുംബൈയിൽ നടന്ന 23 വയസ്സിന് താഴെയുള്ള അന്തർസംസ്ഥാന ടി20 ടൂർണമെന്റിൽ ജേതാക്കളായ കേരള ടീമംഗമാണ് അക്ഷയ. വലംകൈയൻ ടോപ് ഓർഡർ ബാറ്ററും വലംകൈയൻ ഓഫ് സ്പിന്നറുമാണ്.
തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അക്ഷയയെ കായികാധ്യാപകനായ കെ.ജെ. ജോൺസൺ മാസ്റ്റർ ക്രിക്കറ്റിലേക്ക് കൊണ്ടുവരുന്നത്. അതുവരെ സ്കൂൾ ഹോക്കി ടീമിെൻറ ഗോൾ കീപ്പറായിരുന്നു അക്ഷയ. ഒ.വി. മസർ മൊയ്തു, ഡിജുദാസ് എന്നിവരുടെ ശിക്ഷണത്തിൽ കരുത്തുകാട്ടിയ അക്ഷയ അണ്ടർ 16, അണ്ടർ 19, അണ്ടർ 23, സീനിയർ കേരള ടീമുകളിലെ സ്ഥിരസാന്നിധ്യമാണ്. അണ്ടർ 16, അണ്ടർ 19 കേരള ടീമുകളെ നയിച്ചിട്ടുണ്ട്. തലശ്ശേരി പെരുന്താറ്റിൽ സ്വദേശിയായ സദാനന്ദെൻറയും ഷീജയുടേയും മകളാണ് ബി.ബി.എ ബിരുദധാരിയായ അക്ഷയ. ആഷിക് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.