അഖില കേരള വനിത ടി 20 ക്രിക്കറ്റ്; സുൽത്താൻ സിസ്റ്റേഴ്സ് ബി.കെ 55 സി.സിക്ക് ആദ്യജയം
text_fieldsതലശ്ശേരി: കോണോർ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച ആരംഭിച്ച കോടിയേരി ബാലകൃഷ്ണന് സ്മാരക അഖില കേരള വനിത ടി 20 ക്രിക്കറ്റ് ടൂര്‍ണമെൻറിൽ ഉദ്ഘാടന മത്സരത്തിൽ സുൽത്താൻ സിസ്റ്റേഴ്സ് ബി.കെ 55 സി.സി, ഫ്ലമിങ്ങോ ചാമ്പ്യൻസ് കോസ്മോസ് സി.സിയെ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത സുൽത്താൻ സിസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തു. സുൽത്താൻ സിസ്റ്റേഴ്സിന് വേണ്ടി പി. അഖില പുറത്താകാതെ 29 റൺസും ഇ.ബി. വിസ്മയ 26 റൺസുമെടുത്തു.
ഫ്ലാമിങ്ങോ ചാമ്പ്യൻസിന് വേണ്ടി നേഹ ഹജോങ് 13 റൺസിന് മൂന്ന് വിക്കറ്റും അഞ്ജു രാജൻ 24 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടിയായി ഫ്ലാമിങ്ങോ ചാമ്പ്യൻസ് 19.5 ഓവറിൽ 101 റൺസിന് എല്ലാവരും പുറത്തായി.
ഫ്ലാമിങ്ങോ ചാമ്പ്യൻസിന് വേണ്ടി അനുപ്രിയ 49 റൺസെടുത്തു. സുൽത്താൻ സിസ്റ്റേഴ്സിന് വേണ്ടി എം. ഐശ്വര്യ 15 റൺസിന് മൂന്ന് വിക്കറ്റും മാളവിക സാബു ഒമ്പത് റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തി.
മത്സരം സമനിലയിൽ ആവുകയും തുടർന്ന് സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഫ്ലാമിങ്ങോ ഒരു വിക്കറ്റ് നഷ്ടത്തിൽ ഏഴ് റൺസെടുത്തു. മറുപടിയായി സുൽത്താൻ സിസ്റ്റേഴ്സ് മൂന്ന് പന്തിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. കളിയിലെ താരമായി സുൽത്താൻ സിസ്റ്റേഴ്സിന്റെ പി. അഖിലയും (29 റൺസും രണ്ട് വിക്കറ്റും) ഇമ്പാക്ട് താരമായി ഫ്ലാമിങ്ങോ ചാമ്പ്യൻസിന്റെ അനുപ്രിയയെയും (49 റൺസ്) തെരഞ്ഞെടുത്തു.
ഉച്ചക്ക് നടന്ന മത്സരത്തിൽ റിച്ച് മൗണ്ട് ഗ്രൂപ് ധർമടം സി.സി ബിനോയ് മാർബിൾസ് സ്റ്റുഡന്റ്സ് സി.സിയെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ബിനോയ് മാർബിൾസ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തു.
ബിനോയ് മാർബ്ൾസിന് വേണ്ടി ഐ.വി. ദൃശ്യ പുറത്താകാതെ 31 റൺസും എം. അഭിന 27 റൺസുമെടുത്തു. മറുപടിയായി റിച്ച് മൗണ്ട് ഗ്രൂപ് 19.4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. റിച്ച്മൗണ്ടിന് വേണ്ടി ടി. ഷാനി 48 റൺസടുത്തു. ബിനോയ് മാർബിൾസിന് വേണ്ടി പവിത്ര ആർ. നായർ 25 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. കളിയിലെ താരമായി ടി. ഷാനിയെയും ഇമ്പാക്ട് താരമായി പവിത്ര ആർ. നായരെയും തെരഞ്ഞെടുത്തു.
ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബിന്റെയും ടെലിച്ചറി ടൗണ്‍ ക്രിക്കറ്റ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ടൂർണമെന്റാണിത്. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാർ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.സി.എം. ഫിജാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി.പി. അനസ്, കേരള രഞ്ജി ട്രോഫി ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ പി. പ്രശാന്ത്, കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ. സെക്രട്ടറി ബിനീഷ് കോടിയേരി, ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളായ പി. നവാസ്, എ. അഭിമന്യു, എ.കെ. സക്കരിയ, മഹറൂഫ് ആലഞ്ചേരി, കെ.ജെ. ജോൺസൺ, സജീർ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച രാവിലെ നടക്കുന്ന മത്സരത്തിൽ ജാസ്മിൻ സി.സി നെക്സ്റ്റ് കൺസ്ട്രക്ഷൻസ് സീഗൽസ് സി. സിയെയും ഉച്ചക്ക് നടക്കുന്ന മത്സരത്തിൽ ക്ലൗഡ്ബെറി ടെലിച്ചെറി ടൗൺ സി. സി ഒഫോരി ക്ലബ് അബ്ബ സി.സിയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.