എല്ലാ പാർട്ടികൾക്കും ഇവിടെ ഒരേ സ്ഥാനം!
text_fieldsതലശ്ശേരി: ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. വിവിധ രാഷ്ട്രീയ പാർട്ടികൾ തലങ്ങും വിലങ്ങുമായി പ്രചാരണ പ്രവർത്തനങ്ങളുടെ തിരക്കിലാണ്. ചുവരെഴുത്തും സമൂഹ മാധ്യമങ്ങളിൽകൂടിയുള്ള പ്രചാരണവും വ്യാപകമാണ്.
എന്നാൽ, തെരഞ്ഞെടുപ്പ് നാടെങ്ങും കൊട്ടിഘോഷിക്കണമെങ്കിൽ ഇതൊന്നും പോര, തെരുവോരങ്ങളിൽ പാർട്ടി കൊടികളും തോരണങ്ങളും കാറ്റിലുയർന്ന് പാറിപ്പറക്കണം. തെരഞ്ഞെടുപ്പ് അങ്ങനെ കളർ ഫുൾ ആക്കാനുള്ള ഒരുക്കത്തിലാണ് തലശ്ശേരിക്കാരൻ ഇ.കെ. ജലാലു. ജലാലു ഹരിത രാഷ്ട്രീയക്കാരനാണെങ്കിലും കച്ചവടത്തിൽ എല്ലാ രാഷ്ട്രീയത്തിനും തുല്യപരിഗണനയാണ്.
വിവിധ പാർട്ടികളുടെ ചിഹ്നം ആലേഖനം ചെയ്ത കൊടികൾ, തൊപ്പികൾ, കുടകൾ, ഷാളുകൾ, ടീഷർട്ടുകൾ, പൂക്കൾ, പ്ലാസ്റ്റിക് മാലകൾ, ബാഡ്ജുകൾ, ക്യാപുകൾ, തോരണങ്ങൾ, റിബണുകൾ, സ്ഥാനാർഥികളുടെ ഫോട്ടോ പതിച്ചുള്ള മറ്റ് അലങ്കാരങ്ങൾ അങ്ങനെ പരസ്യ പ്രചാരണത്തിനുള്ള എല്ലാം ജലാലുവിന്റെ കടയിൽ സുലഭം. പാർട്ടി ഓർഡറനുസരിച്ച് കൊടികളും തോരണങ്ങളും കുടകളുമൊക്കെ തയാറാക്കുന്ന തിരക്കിലാണ് ജലാലു. ആളുകളുടെ ഇഷ്ടമനുസരിച്ച് വ്യത്യസ്ത വലുപ്പത്തിലുള്ള കൊടികളും തോരണങ്ങളുമൊക്കെ മിനുട്ടുകൾക്കുള്ളിൽ തലശ്ശേരി മെയിൻ റോഡിലെ ഇ.കെ. എൻറർപ്രൈസസിലിരുന്ന് ജലാലു തയാറാക്കി നൽകും. തെരഞ്ഞെടുപ്പ് കാലത്തും ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നടക്കുന്ന അവസരങ്ങളിലുമാണ് ജലാലുവിന്റെ കട കൂടുതൽ സജീവമാകുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൊടികളും ബാഡ്ജുകളും തൊപ്പികളും തോരണങ്ങളും ചിഹ്നങ്ങളും പോസ്റ്ററുകളും ഇവിടെ സ്റ്റോക്കുണ്ടാകും.
കഴിഞ്ഞ 34 വർഷമായി ജലാലു ഈ രംഗത്ത് സജീവമാണ്. നേരത്തെ തലശ്ശേരി കസ്റ്റംസ് റോഡിലെ വീട്ടിൽ വെച്ചായിരുന്നു തയ്ക്കലും വിൽപനയും. പിന്നീട് മെയിൻ റോഡിൽ കട തുടങ്ങിയതോടെ പ്രവർത്തനം ഇവിടേക്ക് മാറ്റി. വർഷങ്ങൾക്ക് മുമ്പ് എം.കെ. മുനീർ യൂത്ത് ലീഗ് നേതാവായിരുന്നപ്പോൾ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തിയ യുവജന യാത്രക്കൊപ്പം നടന്ന് തൊപ്പികളും ബാഡ്ജുകളും വിറ്റായിരുന്നു ജലാലു ഈ രംഗത്തേക്ക് കടന്നുവന്നത്.
പിന്നീട് ഡി.വൈ.എഫ്.ഐയുടെ രണ്ട് ജാഥകളിലും തൊപ്പികളും ബാഡ്ജുകളും വിറ്റു. ഇതിനുശേഷം ഈ രംഗത്ത് കൂടുതൽ സജീവമായി. ആരു വിളിച്ചുപറഞ്ഞാലും ഓർഡറെടുത്ത് സാധനങ്ങൾ പെട്ടെന്ന് തയാറാക്കി കൊടുക്കുന്നത് 64കാരനായ ജലാലുവിന്റെ ശീലമാണ്. വീട്ടമ്മയായ ശരീഫയാണ് ഭാര്യ. ജസീല, ജഹാൻ, ജഹാസ്, ജാസർ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.