റെയിൽവേ സ്റ്റേഷൻ കൈയടക്കി സാമൂഹിക വിരുദ്ധർ
text_fieldsതലശ്ശേരി: റെയിൽവേ സ്റ്റേഷൻ പരിസരം പിടിച്ചുപറിക്കാരുടെയും അനാശാസ്യക്കാരുടെയും താവളമായി. പുതിയ ബസ് സ്റ്റാൻഡ് സദാനനന്ദ പെട്രോൾ പമ്പ് പരിസരത്ത് നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള ഊടുവഴിയാണ് സാമൂഹിക വിരുദ്ധർ കൈയടക്കിയിട്ടുള്ളത്. ഇതുവഴിയുള്ള യാത്ര റെയിൽവേ നിരോധിച്ചിട്ടുണ്ടെങ്കിലും സ്റ്റേഷനിലേക്ക് എളുപ്പമെത്താൻ പലരും ആശ്രയിക്കുന്നത് ഈ വഴിയാണ്. മയക്കുമരുന്ന് വിൽപനക്കാരും മറ്റ് അസാന്മാർഗിക പ്രവർത്തകരും രാപ്പകൽ ഭേദമില്ലാതെ ഇവിടെ തമ്പടിക്കാറുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. പിടിച്ചുപറിയും ഇവിടെ വ്യാപകമാണ്.
മാനഹാനിയോർത്ത് സംഭവം ആരും പുറത്തുപറയുന്നില്ലെന്ന് മാത്രം.കഴിഞ്ഞദിവസം സംഗമം മേൽപാലത്തിന് താഴെ കാർ നിർത്തി നിൽക്കുകയായിരുന്ന യുവ ഡോക്ടറും പിടിച്ചുപറിക്കിരയായി. രാത്രി എട്ട് മണിയോടെയാണ് പെരുന്താറ്റിൽ സ്വദേശിയായ ഡോക്ടർ സാമൂഹികവിരുദ്ധരുടെ പിടിച്ചുപറിക്കിരയായത്. ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും മൊബൈൽ ഫോണും 800 രൂപയും രണ്ടു പേർ തട്ടിയെടുത്ത് ഇരുട്ടിൽ മറയുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
മറന്നിട്ടില്ല ആ സംഭവം
12 വർഷം മുമ്പ് കുയ്യാലി റെയിൽവേ ട്രാക്കിന് സമീപത്തു കൂടി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോവുകയായിരുന്ന അധ്യാപികയെ തമിഴ്നാട്ടുകാരനായ യുവാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവം നഗരവാസികളുടെ മനസ്സിൽ ഇന്നും മായാതെയുണ്ട്. അധ്യാപികയെ കടന്നുപിടിച്ച് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു ശ്രമം. ഉൾക്കിടിലത്തോടെയാണ് ഈ സംഭവം നാട്ടുകാർ ഇന്നും ഓർക്കുന്നത്. കടന്നു പിടിച്ചത് പണത്തിനും സ്വർണത്തിനുമാണെന്ന് കരുതി അധ്യാപിക തന്റെ സ്വർണമാല ഊരി നൽകിയിട്ടും പ്രതി വഴിമാറിയില്ല.
ലക്ഷ്യം മറ്റൊന്നായിരുന്നു. കുയ്യാലി പാലത്തിൽ നിന്നും തൊട്ടപ്പുറമുള്ള പള്ളി പരിസരത്ത് നിന്നും സംഭവം കാണാനിടയായ രണ്ടു പേർ ബഹളം വെച്ച് ഓടിയെത്തിയതിനാൽ മാത്രമാണ് അധ്യാപിക രക്ഷപ്പെട്ടത്. പ്രതിയെ നിമിഷങ്ങൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ പിന്നീടും ഒട്ടേറെ യാത്രക്കാർ ഈ വഴിയിൽ പിടിച്ചുപറിക്കിരയായിരുന്നതായി പരാതിയുണ്ട്. റെയിൽവേ സ്റ്റേഷനിലേക്കുള്ള കുറുക്കുവഴിയിൽ മാത്രമല്ല, പരിസരത്തും സാമൂഹിക വിരുദ്ധരുടെ ശല്യം വ്യാപകമാണെന്നാണ് യാത്രക്കാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.