വേദനയിൽ തളരില്ല ഈ നിറക്കൂട്ടുകൾ
text_fieldsതലശ്ശേരി: പൂക്കളും പൂമ്പാറ്റയും മൃഗങ്ങളുമെല്ലാം കുരുന്നുകൈകളാൽ നിറക്കാഴ്ചയായി കാൻവാസിൽ പതിഞ്ഞപ്പോൾ കാണാൻ ഏഴഴക്. രോഗശയ്യയിലായ കുരുന്നുകളാണ് നിറവസന്തമൊരുക്കിയതെന്നറിഞ്ഞപ്പോൾ കാഴ്ചക്കാരിൽ നൊമ്പരവും കൗതുകവും വിരിഞ്ഞു. അന്താരാഷ്ട്ര ബാല്യകാല അർബുദ ദിനത്തോടനുബന്ധിച്ച് കോടിയേരി മലബാർ കാൻസർ സെന്ററിന്റെ സഹകരണത്തോടെ ചാരിറ്റി സംഘടനായ ഡ്രീംസ് ഫൗണ്ടേഷനാണ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഓപൺ സ്റ്റേജിനോടനുബന്ധിച്ച് പ്രദർശനം സംഘടിപ്പിച്ചത്. മുതിർന്ന ചിത്രകാരന്മാരെ പോലും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു കുഞ്ഞുവരകൾ. അർബുദം പിടികൂടിയ വേദനയൊക്കെ അമ്മമാരുടെ സാന്ത്വനത്തിൽ കുട്ടികളുടെ വരകളിൽ അലിഞ്ഞില്ലാതായി. അതിജീവനത്തിന്റെ പാതയിലാണ് ഇന്നവർ. തളർന്നിരിക്കാൻ മനസ്സില്ലെന്നുറപ്പിച്ച് കാൻവാസുകളിൽ നിറക്കൂട്ടുകൾ ചാലിച്ച് വരച്ച മനോഹര ചിത്രങ്ങൾ കാഴ്ചക്കാരുടെ ഹൃദയം കവരുന്നതായിരുന്നു.
മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ലക്ഷ്മിപ്രിയ, ഇവാൻസ് റോബിൻസ്, പാർവണ സുനിൽകുമാർ, ദീപ്ത് സൂവി, അനന്യ സൂരജ്, ഇസ്സ ഫാത്തിമ എന്നീ ഏഴു കൂട്ടുകാർ വരച്ച 40 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. നാല് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളാണിവർ. പ്രദർശനത്തിന് ചിത്രം വരഞ്ഞ ഏതാനും കുട്ടികളും രക്ഷിതാക്കളും എത്തിയിരുന്നു. ചിത്രകാരൻ സെൽവൻ മേലൂർ പ്രദർശനം ഉദ്ഘാടനം ചെയ്തു. തലശ്ശേരി എ.എസ്.പി ഷഹിൻ ഷാ മുഖ്യാതിഥിയായി. ഡ്രീംസ് ഫൗണ്ടേഷൻ ചെയർമാൻ താരിസ് കോഴിക്കോടൻ അധ്യക്ഷത വഹിച്ചു. ഡോ. ജിതിൻ, ഡോ. ഗോപകുമാർ, സുധീഷ് പയ്യോളി, യു. ഷജീയു റഹ്മാൻ, മലബാർ കാൻസർ സെന്റർ അഡ്മിനിസ്ട്രേറ്റർ അനിത എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് പരിശീലനം നൽകുന്ന അധ്യാപകരായ രമ്യ, ദിവ്യ, ഷക്കീല, നർത്തകി സ്വാതി സതീഷ് എന്നിവരെ ആദരിച്ചു. സി. മുനീറ സ്വാഗതവും സ്നേഹ വിനോദ് നന്ദിയും പറഞ്ഞു. ഫാത്തിമ അബു, സിദ്ദീഖ്, റംല, രജി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.