ആതിരക്ക് രണ്ടാം തവണയും വൃക്ക മാറ്റിവെക്കണം; വേണം, സുമനസ്സുകളുടെ കാരുണ്യം
text_fieldsതലശ്ശേരി: രണ്ടാം തവണയും വൃക്ക മാറ്റിവെക്കേണ്ട അവസ്ഥയിലാണ് എം.എസ്സി ബിരുദധാരിയായ ആതിര ചന്ദ്രൻ. തൃക്കണ്ണാപുരം ഗ്രാമീണ വായനശാലക്ക് സമീപത്തെ ചന്ദ്രോദയത്തിൽ ചന്ദ്രെൻറയും ഷീബയുടെയും മകളായ ആതിരയുടെ (27) വൃക്കകൾ തകരാറിലാണ്. പഠനത്തിൽ മിടുക്കിയായ ആതിരക്ക് 2013ലാണ് രോഗം ബാധിച്ചത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മാതാവിെൻറ വൃക്ക ആതിരക്ക് മാറ്റിവെച്ചിരുന്നു. ഇതിന് മാത്രം ഏകദേശം 20 ലക്ഷം രൂപയോളം ചെലവായി. കുടുംബാംഗങ്ങളുടെ സഹായത്തോടെയാണ് അന്ന് പണം കണ്ടെത്തിയിരുന്നത്. ഇതിനിടെ, ആതിരക്ക് കോവിഡും ബാധിച്ചു. മൂന്ന് ദിവസത്തോളം കോഴിക്കോട്ടെ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു. ഇതോടെ മാറ്റിവെച്ച വൃക്ക പൂർണമായും പ്രവർത്തനരഹിതമായി. ഇപ്പോൾ ഡയാലിസിസ് ചെയ്തുവരുകയാണ്. വീണ്ടും വൃക്ക മാറ്റിവെക്കണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചത്.
ഏകദേശം 45 ലക്ഷത്തിന് മുകളിൽ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സക്ക് ആവശ്യമായ പണം നിലവിലെ അവസ്ഥയിൽ നിർമാണ തൊഴിലാളിയും വീട്ടിലെ ഏക വരുമാനമാർഗവുമായ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. രണ്ടാമത് മാറ്റിവെക്കാനുള്ള വൃക്ക നൽകുന്നത് പിതാവ് ചന്ദ്രനാണ്. ആതിരയുടെ തുടർചികിത്സക്കായി കെ.പി. ഷീജിത്ത് ചെയർമാനും വി.പി. ഷിജിത്ത് കൺവീനറും വി.കെ. ബാബു ട്രഷററുമായ ചികിത്സാസഹായ കമ്മിറ്റിക്ക് രൂപംനൽകി. സുനിൽകുമാർ വൈസ് ചെയർമാനും യമുനൻ ജോയൻറ് കൺവീനറുമാണ്.
കെ.പി. മോഹനൻ എം.എൽ.എ, കൂത്തുപറമ്പ് നഗരസഭാധ്യക്ഷ വി. സുജാത, മുൻ ചെയർമാൻമാരും പ്രദേശവാസികളുമായ കെ. ധനഞ്ജയൻ, എം. സുകുമാരൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ. അജിത, വാർഡ് കൗൺസിലർ എ. ബിജുമോൻ, മുൻ വൈസ് ചെയർമാൻ എൻ. വാസു എന്നിവർ രക്ഷാധികാരികളാണ്. ആതിരയെ സഹായിക്കാൻ കേരള ഗ്രാമീൺ ബാങ്ക് പൂക്കോട് ശാഖയിൽ ജോയൻറ് അക്കൗണ്ടും എടുത്തിട്ടുണ്ട്.
ആതിരയുടെ അമ്മ ഷീബ ചന്ദ്രെൻറയും ചികിത്സാസഹായ കമ്മിറ്റി കൺവീനർ വി.പി. ഷിജിത്തിെൻറയും പേരിലാണ് അക്കൗണ്ട്. അക്കൗണ്ട് നമ്പർ: 40467101061956 IFS കോഡ് KLGBO040467 ഫോൺ പേ, ഗൂഗ്ൾ പേ 8281942250.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.