തലശ്ശേരിയിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം; യുവാവ് റിമാൻഡിൽ
text_fieldsതലശ്ശേരി: നഗരത്തിൽ സി.പി.എം ഓഫിസിനു നേരെ അക്രമം. സി.പി.എം സൈദാർ പള്ളി ബ്രാഞ്ച് കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുന്ന സൈദാർ പള്ളിക്കടുത്ത ടി.സി. ഉമ്മർ സ്മാരക മന്ദിരത്തിന് നേരെയാണ് വെള്ളിയാഴ്ച പുലർച്ച നാലരയോടെ ആക്രമണമുണ്ടായത്. ഓഫിസിനകത്തെ സാധന സാമഗ്രികളെല്ലാം നശിപ്പിച്ച നിലയിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഗോപാലപേട്ട ചാലിൽ തിരുവാണി ക്ഷേത്രത്തിനടുത്ത ബൈത്തുൽ ഉമൈബാനിൽ നസീലിനെ (24) തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം ടൗണിലെ മത്സ്യമാർക്കറ്റിനടുത്തെത്തിയ യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു.
ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. നാലരയോടെ സി.പി.എം ഓഫിസിലെത്തിയ നസീൽ ഗ്രിൽസ് തകർത്ത് അകത്ത് കടന്ന് വൈദ്യുതി മീറ്റർ, ട്യൂബ് ലൈറ്റുകൾ, കസേരകൾ, മേശ, കാരംസ് ബോർഡ്, കൊടിമരം തുടങ്ങി ഓഫിസിലെ മുഴുവൻ സാധനങ്ങളും തകർക്കുകയായിരുന്നു.
തുടർന്ന് ഒരു സി.പി.എം പ്രവർത്തകനെ നേരിട്ട് കണ്ട് നിങ്ങളുടെ ഓഫിസ് ഞാൻ തകർത്തു എന്നറിയിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ സ്ഥിരം സമിതി ചെയർമാൻ ടി.സി. അബ്ദുൽ ഖിലാബിന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകരും പൊലിസും ചേർന്ന് നസീലിനെ രാവിലെ ഏഴരയോടെ മാർക്കറ്റ് പരിസരത്ത് നിന്ന് പിടികൂടുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് സ്റ്റേഡിയത്തിനു സമീപം വെച്ച് നസീൽ ചിലരുമായി വാക്കു തർക്കമുണ്ടായിരുന്നു.
ഈ വിരോധമാണത്രെ ആക്രമണത്തിൽ കലാശിച്ചത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ടി.സി. അബ്ദുൽ ഖിലാബിന്റെ പരാതിയിൽ പൊലീസ് സംഭവത്തിൽ കേസെടുത്തു. സി.പി.എം നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ, സി.കെ. രമേശൻ, എം.സി. പവിത്രൻ, കാരായി ചന്ദ്രശേഖരൻ, വാഴയിൽ ശശി തുടങ്ങിയവർ ഓഫിസ് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.