നീതിപീഠത്തെയും വിടാതെ കള്ളൻമാർ; തലശ്ശേരി ജില്ല കോടതിയിലെ തൊണ്ടി മുറിയിൽ മോഷണശ്രമം
text_fieldsതലശ്ശേരി: ജില്ല കോടതി കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന പ്രിൻസിപ്പൽ സബ് കോടതിയോടനുബന്ധിച്ചുള്ള പ്രോപ്പർട്ടി മുറിയിൽ മോഷണശ്രമം. സബ് കോടതിക്ക് തൊട്ടുപിറകിൽ അധികമാരുടെയും ശ്രദ്ധയിൽപെടാത്ത മുറിയാണിത്. പൊലീസും എക്സൈസും പിടികൂടുന്ന മദ്യം ഉൾപ്പെടെയുള്ള തൊണ്ടിമുതലുകളും വിവിധ രേഖകളും സൂക്ഷിച്ച മുറിയാണിത്.
മുറിയുടെ പൂട്ട് തകർത്താണ് മോഷണ ശ്രമം. ശനിയാഴ്ച അർധരാത്രിയാണ് സംഭവമെന്ന് കരുതുന്നു. പ്രോസസ് സർവറും രാത്രി കാവൽക്കാരനുമായ പാനൂർ സ്വദേശി ദിലീഷ് ഞായറാഴ്ച വൈകീട്ട് ഡ്യൂട്ടിക്കെത്തിയപ്പോഴാണ്, മോഷണശ്രമം നടന്നതായി കണ്ടെത്തിയത്. ദിലീഷിെൻറ പരാതി പ്രകാരം തലശ്ശേരി െപാലീസ് കേസെടുത്തു. എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് ജീവനക്കാർ പരിശോധിച്ചുവരുകയാണ്.
ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അന്വേഷണത്തിെൻറ ഭാഗമായി കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവെടുത്തു. മുറിയുടെ വാതിലിന്റെ പൂട്ടിൽനിന്നും മണം പിടിച്ച പൊലീസ് നായ് ദേശീയപാതയിലൂടെ പാലിശ്ശേരി വരെ ഓടിയെത്തി.
എസ്.ഐമാരായ കെ.കെ. ഹാഷിം, കെ. ജഗജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രോപ്പർട്ടി മുറിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി. വേനലവധിയായതിനാൽ ഇവിടെ പ്രധാന കോടതികൾ പ്രവർത്തിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.