പരിസ്ഥിതിദിനത്തില്‍ തലശ്ശേരി സബ് ട്രഷറിക്ക് മുന്നിലെ മരത്തിന് കോടാലി; പ്രതിഷേധത്തെ തുടർന്ന് മരംമുറി നിർത്തി
text_fieldsതലശ്ശേരി: പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നാടെങ്ങും ഞായറാഴ്ച മരത്തൈകൾ വെച്ചുപിടിപ്പിക്കുമ്പോൾ മരത്തിന് കോടാലിവെച്ച അധികൃതരുടെ നടപടിയിൽ പ്രതിഷേധം. പാലിശ്ശേരി സബ് ട്രഷറിക്ക് മുന്നിലെ മരത്തിനാണ് ഞായറാഴ്ച കോടാലി പതിച്ചത്. പ്രതിഷേധത്തെ തുടർന്ന് പാതിവഴിയിൽ ജോലിനിർത്തി തൊഴിലാളികള്‍ പിരിഞ്ഞുപോയി. ജില്ല കോടതിക്കടുത്ത സെന്റിനറി പാർക്കിൽ ഞായറാഴ്ച രാവിലെ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണിയുടെയും സബ് കലക്ടർ അനുകുമാരിയുടെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടക്കുന്നതിനിടയിലാണ് സബ് ട്രഷറി ഗേറ്റിന് മുന്നിലെ തണല്‍മരം മുറിക്കാൻ തുടങ്ങിയത്.
ട്രഷറിയിലും സമീപത്തെ മിനി സിവില്‍ സ്‌റ്റേഷനിലും എത്തുന്നവർക്ക് തണലേകുന്ന മരത്തിന്റെ ശിഖരമാണ് വെട്ടിയത്. ട്രഷറി കെട്ടിടത്തിന് അപകടമുണ്ടാക്കുന്നതായുള്ള പരാതിയെ തുടർന്നാണ് നടപടി. എന്നാൽ, പരിസ്ഥിതിദിനം തന്നെ ഇതിനായി തിരഞ്ഞെടുത്ത നടപടി പ്രതിഷേധാർഹമായി. പരിസരവാസികളായ പ്രകൃതിസ്‌നേഹികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മരംമുറി നിർത്തിവെച്ചത്. ട്രഷറി മതിലിന് തണല്‍മരം ഭീഷണിയുയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി പി.ഡബ്ല്യൂ.ഡിക്കാണ് അധികൃതർ പരാതി നല്‍കിയത്. തുടര്‍ന്ന് മരം മുറിച്ചുനീക്കാന്‍ പി.ഡബ്ല്യൂ.ഡി അധികൃതര്‍ നഗരസഭയോട് ആവശ്യപ്പെടുകയായിരുന്നു. നഗരസഭയാണ് തൊഴിലാളികളെ ഏർപ്പാടാക്കിയതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.