പഞ്ചാബ് നാഷനൽ ബാങ്ക് മുക്കുപണ്ട പണയത്തട്ടിപ്പ്; അപ്രൈസറുടെ മരണം കൊലപാതകമെന്ന് ഭാര്യ
text_fieldsതളിപ്പറമ്പ്: പഞ്ചാബ് നാഷനൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട ബാങ്ക് അപ്രൈസർ രമേശെൻറ മരണം കൊലപാതകമാണെന്ന് ഭാര്യ. സംഭവത്തിൽ നീതിപൂർവകമായ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ സതി തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. മൂന്നുവർഷത്തോളമായി മുക്കുപണ്ട പണയത്തട്ടിപ്പ് നടക്കുന്നതിനാൽ ബാങ്ക് അറിയാതെ ഇതിന് സാധ്യതയില്ലെന്നും പരാതിയിലുണ്ട്. ആഗസ്റ്റ് ഏഴിന് രാവിലെ ആറോടെ ഭർത്താവ് വീട്ടിൽനിന്ന് പോയതിൽപിന്നെ കണ്ടില്ല.
ബിസിനസ് ആവശ്യത്തിന് യാത്രചെയ്യുന്ന ആളായതിനാൽ കൂടുതൽ അന്വേഷിച്ചതുമില്ല. എന്നാൽ, മൂന്നുദിവസം കഴിഞ്ഞ് വീടിനടുത്തുള്ള കിണറ്റിൽനിന്ന് ദുർഗന്ധം വന്നത് അടുത്ത വീട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്. മൃതദേഹം പുറത്തെടുത്തപ്പോഴാണ് ഭർത്താവിെൻറതാണെന്ന് വ്യക്തമായത്. മരണത്തിൽ ദുരൂഹതയുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. അതിന് തക്കതായ കാരണമുള്ളതായി എനിക്കോ വീട്ടുകാർക്കോ അറിയില്ലെന്നും പരാതിയിലുണ്ട്.
ഭർത്താവ് ജോലിചെയ്തിരുന്ന പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയിൽ സ്വർണപ്പണയ തട്ടിപ്പ് നടന്നതായി പത്രങ്ങൾ വഴിയാണറിഞ്ഞതെന്നും അദ്ദേഹത്തിന് ഇതിൽ പങ്കില്ലെന്നും പരാതിയിൽ പറയുന്നു. ചില സുഹൃത്തുക്കൾ സാമ്പത്തികമായി ചൂഷണംചെയ്ത് ചതിച്ചതായി ഭർത്താവ് പറഞ്ഞിരുന്നു. മരണത്തിനുപിന്നിൽ ഇവരെല്ലാമാണെന്ന് കരുതുന്നതായും പരാതിയിലുണ്ട്.
ബാങ്കിലെ മുക്കുപണ്ട പണയതട്ടിപ്പുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ശാഖ സീനിയർ മാനേജർ മനോജ്കുമാറിെൻറ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അപ്രൈസറും ഏതാനും പേരും ചേർന്ന് മുക്കുപണ്ടം പണയപ്പെടുത്തി ബാങ്കിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.