നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി
text_fieldsതലശ്ശേരി: ജില്ല എൻഫോഴ്സ്മെന്റ് വിഭാഗം തലശ്ശേരിയിൽ വ്യാഴാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിൽ നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ വൻശേഖരം പിടികൂടി. പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ കെ.എം. ട്രേഡേഴ്സിൽ നിന്ന് പേപ്പർ കോട്ടഡ് കപ്പുകൾ, പ്ലാസ്റ്റിക് വാഴയില, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഗ്ലാസുകൾ, വിവിധ വലിപ്പത്തിലുള്ള ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ, ഗാർബേജ് ബാഗ് തുടങ്ങിയവ പിടികൂടി. കടയുടെ ഗോഡൗണിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
പിടിച്ചെടുത്ത സാധനങ്ങളുടെ അളവ് പെട്ടെന്ന് എണ്ണി തിട്ടപ്പെട്ടുത്താൻ സാധിക്കാത്തതിനാൽ നഗരസഭ അധികൃതർ ഗോഡൗൺ പൂട്ടി സീൽചെയ്തു.
ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ തന്നെയുള്ള അറൂസ് സ്റ്റോർ, സൈദാർ പള്ളിക്ക് സമീപത്തെ പി.പി. സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും അയ്യായിരത്തിലധികം പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പുകൾ, പ്ലാസ്റ്റിക് കോട്ടഡ് പ്ലേറ്റുകൾ, വിവിധ അളവിലുള്ള ആറു കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരീ ബാഗുകൾ എന്നിവയും പിടിച്ചെടുത്തു. ഇവ തുടർനടപടികൾക്കായി നഗരസഭക്ക് കൈമാറി. മൂന്നു സ്ഥാപനങ്ങൾക്കും 10,000 രൂപ വീതം പിഴചുമത്തി.
നേരെത്തെ പരിശോധന നടത്തിയ ഷാന ഏജൻസീസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ തെർമോകോൾ ഉൽപന്നങ്ങൾ എത്രയും പെട്ടെന്ന് അംഗീകൃത ഏജൻസികൾക്ക് കൈമാറി സംസ്കരിക്കാൻ നോട്ടീസ് നൽകി. പരിശോധനക്ക് എൻഫോസ്മെന്റ് ടീം ലീഡർ റെജി പി. മാത്യു എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, സി. ഷംസീർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ഇ. അജിത, അരുൺ എസ്. നായർ, സജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. വിജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.