ബാറ്ററി മോഷ്ടാക്കൾ പിടിയിൽ
text_fieldsചൊക്ലി: ബാറ്ററി മോഷണം നടത്തുന്ന സംഘത്തിലെ മൂന്നുപേരെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നായി നൂറിലധികം ബാറ്ററികളാണ് വിവിധ ദിവസങ്ങളിലായി മോഷണം പോയത്.
പിണറായി, വടകര, നാദാപുരം, ഏറാമല, പെരിങ്ങത്തൂർ, ചോമ്പാല, പാനൂർ, കുന്നുമ്മക്കര, എടച്ചേരി എന്നിവിടങ്ങളിൽനിന്നായാണ് മോഷണം നടന്നത്. കരിയാട് സാന്ത്വനത്തിലെ യദുകൃഷ്ണൻ (19), കോടിയേരി സീന ക്വാർട്ടേഴ്സിലെ സവാദ് (22), കടവത്തൂർ കല്ലൻതൊടി ഹൗസിലെ കെ. അശ്വന്ത് (22) എന്നിവരെയാണ് ചൊക്ലി പൊലീസ് ശനിയാഴ്ച രാത്രി 11ഓടെ തലശ്ശേരിയിൽ കസ്റ്റഡിയിലെടുത്തത്. തുടർന്ന് തലശ്ശേരി ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണ സംഘത്തിൽ ആറിലധികം അംഗങ്ങളുണ്ടെന്ന് സൂചനയുണ്ട്. ഒരു ബാറ്ററിക്ക് കടയിൽ വിറ്റാൽ മൂവായിരം രൂപയോളം ലഭിക്കും.
ബാറ്ററിക്കടകൾ നടത്തുന്നവരെയും ചൊക്ലി പൊലീസ് തെളിവെടുപ്പിന് വിളിച്ചുവരുത്തി. താഴെ പൂക്കോത്ത് നിർത്തിയിട്ട റാണി പബ്ലിക് സ്കൂളിന്റെ ബാറ്ററി മോഷണംപോയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ബസ്, ടിപ്പർ ലോറികൾ, ഓട്ടോറിക്ഷ തുടങ്ങിയവയിൽനിന്നാണ് കൂടുതലും ബാറ്ററികൾ നഷ്ടമായത്. ചോമ്പാല, പാനൂർ എന്നിവിടങ്ങളിലെ നാല് ബസുകളിൽനിന്നായി ബാറ്ററികൾ നഷ്ടപ്പെട്ടിട്ടുണ്ട്.
ചൊക്ലി ഇൻസ്‍പെക്ടർ സി. ഷാജു, എസ്.ഐ സൂരജ് ഭാസ്കർ, എ.എസ്.ഐമാരായ സഹദേവൻ, സുധീർ, അനിൽ, രാംമോഹൻ, എസ്.സി.പി.ഒ ബൈജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.