പൊലീസ് ജാഗ്രത; തലശ്ശേരിയിൽ സംഘർഷാന്തരീക്ഷം ഒഴിവായി
text_fieldsതലശ്ശേരി: സംഘർഷാന്തരീക്ഷത്തിലായിരുന്നു വെള്ളിയാഴ്ച തലശ്ശേരി നഗരം. ഉച്ച കഴിഞ്ഞ് നഗരം മുഴുവൻ പൊലീസ് വലയത്തിലായതോടെ ജനം ഭീതിയിലായി. ഇതിനിടെ വാഹനങ്ങൾ തടഞ്ഞുനിർത്തി പൊലീസ് പരിശോധനയും കർശനമാക്കിയതോടെ എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ ജനം വലഞ്ഞു. മുസ്ലിംകൾക്കെതിരെ വിദ്വേഷ മുദ്രാവാക്യം മുഴക്കി ബുധനാഴ്ച നഗരത്തിൽ ജില്ല റാലി നടത്തിയ ബി.ജെ.പി പ്രവർത്തകർ വെള്ളിയാഴ്ച വീണ്ടും നഗരത്തിൽ പ്രകടനം നടത്തുമെന്ന് രാവിലെ മുതൽ വ്യാപക പ്രചാരണമുണ്ടായി. വൈകീട്ട് അഞ്ചിന് പറഞ്ഞതുപോലെ പൊലീസ് സംവിധാനത്തെയാകെ നോക്കുകുത്തിയാക്കി അവർ പ്രകടനത്തിനിറങ്ങി. പക്ഷേ, പ്രകടനവുമായി അവർക്ക് അധികം മുന്നോട്ടു നീങ്ങാനായില്ല. ജൂബിലി റോഡിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫിസിനടുത്തുതന്നെ പൊലീസ് തടഞ്ഞു. ഒടുവിൽ റോഡിൽ കുത്തിയിരുന്ന് പൊതുയോഗം നടത്തി പിരിയുകയായിരുന്നു. പ്രകടനത്തിന് നേതൃത്വം നൽകിയ ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസ്, ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി പി.വി. ശ്യാം മോഹൻ, ഹിന്ദു ഐക്യവേദി ജില്ല പ്രസിഡൻറ് പ്രദീപ് ശ്രീലകം എന്നിവർ അറസ്റ്റിലുമായി.
നിരോധനാജ്ഞക്ക് പുല്ലുവില
ജില്ല കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞക്ക് പുല്ലുവില കൽപിച്ചായിരുന്നു ബി.ജെ.പിയുടെ പ്രകടനം. ജില്ല ഭരണാധികാരി തലശ്ശേരിയിൽ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചുള്ള ഓർഡർ പുറത്തിറക്കി രണ്ടുമണിക്കൂറിനകംതന്നെ ബി.ജെ.പി പ്രവർത്തകർ നിയമ സംവിധാനത്തെയാകെ പരസ്യമായി വെല്ലുവിളിച്ച് പ്രകടനത്തിനിറങ്ങുകയായിരുന്നു. പൊലീസിനെ കാഴ്ചക്കാരാക്കി റോഡ് തടസ്സപ്പെടുത്തി നേതാക്കളുടെ സാന്നിധ്യത്തിൽ പൊതുയോഗവും നടത്തി. ജൂബിലി റോഡിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന വാടിക്കൽ രാമകൃഷ്ണ മന്ദിരത്തിന് സമീപത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ട് അേഞ്ചാടടുത്താണ് പ്രകടനം തുടങ്ങിയത്.
പ്രകടനം മുകുന്ദ് മല്ലർ റോഡിലൂടെ കടന്നുപോകാനായിരുന്നു നീക്കം. ഇതിനിടെ രാമകൃഷ്ണ മന്ദിരത്തിന് ഏതാനും വാര അകലെ പൊലീസ് പ്രകടനം തടയുകയായിരുന്നു. പ്രകടനം തടഞ്ഞതോടെ റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിനിടെ നേതാക്കൾ എത്തി പ്രസംഗം തുടങ്ങുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ആൾക്കൂട്ട പ്രകടനം നടത്തിയതിന് പൊലീസ് കേസെടുത്തു.
പൊലീസ് ഉണർന്നു; സംഘർഷമൊഴിവായി
പൊലീസ് കൂടുതൽ ജാഗരൂകരായതിനാലാണ് നഗരത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവായത്. ഉച്ചക്കു ശേഷം നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ പൊലീസിനെ വിന്യസിച്ചാണ് ബി.ജെ.പിക്കാർ നിരോധനാജ്ഞ ലംഘിച്ച് നടത്താനിരുന്ന പ്രകടനം തടഞ്ഞത്. വനിത പൊലീസടക്കം നിരീക്ഷണം ശക്തമാക്കിയിരുന്നു. വാഹന പരിശോധനയും കർശനമാക്കി. എ.സി.പിമാരായ പി.പി. സദാനന്ദൻ, പ്രദീപൻ കണ്ണിപ്പൊയിൽ, വിഷ്ണുപ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നഗരത്തിൽ പൊലീസ് സുരക്ഷയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.