തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രകടനം; നേതാക്കളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു
text_fieldsതലശ്ശേരി: ജില്ല കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ ബി.ജെ.പി പ്രകടനം. പ്രകടനം തടഞ്ഞതോടെ പൊലീസിനെ കാഴ്ചക്കാരാക്കി റോഡ് തടസ്സപ്പെടുത്തി നേതാക്കളുടെ സാന്നിധ്യത്തിൽ പൊതുയോഗം നടത്തി. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കലക്ടർ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകമാണ് പൊലീസ് സംവിധാനത്തെയാകെ വെല്ലുവിളിച്ച് ബി.ജെ.പിക്കാർ പ്രകടനം നടത്തിയത്.
പ്രകടനത്തിന് നേതൃത്വം നൽകിയ ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസ്, ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി പി.വി. ശ്യാം മോഹൻ, ഹിന്ദു ഐക്യവേദി ജില്ല പ്രസിഡൻറ് പ്രദീപ് ശ്രീലകം, ബി.ജെ.പി മുൻമണ്ഡലം പ്രസിഡൻറ് എം.പി. സുമേഷ്, യുവമോർച്ച നേതാവ് ഇ.പി. ബിജു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ജൂബിലി റോഡിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന വാടിക്കൽ രാമകൃഷ്ണ മന്ദിരത്തിന് സമീപത്തുനിന്ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടടുത്താണ് പ്രകടനം തുടങ്ങിയത്. പ്രകടനം മുകുന്ദ് മല്ലർ റോഡിലൂടെ കടന്നുപോകാനായിരുന്നു നീക്കം. ഇതിനിടെ രാമകൃഷ്ണ മന്ദിരത്തിന് ഏതാനും വാര അകലെ പൊലീസ് പ്രകടനം തടഞ്ഞു.
അതോടെ റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിനിടെ നേതാക്കളെത്തി പ്രസംഗവും തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് നഗരത്തിൽ പ്രകടനം നടത്തുമെന്ന് നേരത്തേ പ്രചാരണമുണ്ടായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ തലശ്ശേരി സബ് കലക്ടർ ഓഫിസിൽ ഡെപ്യൂട്ടി കലക്ടർ രഞ്ജിത്തിെൻറ അധ്യക്ഷതയിൽ രാവിലെ സർവകക്ഷി സമാധാന യോഗം ചേർന്നിരുന്നു.
കഴിഞ്ഞദിവസമുണ്ടായ സംഭവത്തിെൻറ പശ്ചാത്തലത്തിൽ വീണ്ടും പ്രകോപനം ഉണ്ടാകാതിരിക്കാൻ എല്ലാവരുടെ ഭാഗത്തുനിന്നും സമാധാനശ്രമമുണ്ടാകണമെന്നും പ്രകടനത്തിൽനിന്ന് പിന്തിരിയണമെന്നും യോഗത്തിൽ ആഹ്വാനമുണ്ടായിരുന്നു. എന്നാൽ, നേതൃത്വവുമായി ആലോചിക്കട്ടെയെന്നായിരുന്നു ബി.ജെ.പി നേതാവിെൻറ മറുപടി.
ഇക്കാര്യത്തിൽ ധാരണയില്ലാതായതോടെയാണ് തലശ്ശേരിയിൽ വെള്ളിയാഴ്ച മുതൽ നാലുദിവസത്തേക്ക് നിരോധനാജ്ഞ ഏർപ്പെടുത്തിയതായി വൈകീട്ട് കലക്ടറുടെ അറിയിപ്പുണ്ടായത്. ഇതിനിടെ ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രകടനം നടക്കുമെന്ന് വ്യാപക പ്രചാരണമുയർന്നതോടെ നഗരത്തിൽ സംഘർഷാന്തരീക്ഷമായി. നിമിഷങ്ങൾക്കകം നഗരം പൊലീസ് വലയത്തിലായി.
കണ്ണൂരിൽനിന്നുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും തലശ്ശേരിയിൽ നിരീക്ഷണത്തിനെത്തി. ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും പ്രകടനങ്ങളും നാലുദിവസത്തേക്ക് നിരോധിച്ചെങ്കിലും ബി.ജെ.പി പ്രവർത്തകർ കലക്ടറുടെ തീരുമാനം പൂർണമായും ലംഘിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.