തലശ്ശേരിയിൽ വർഗീയ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രകടനം; പരാതി കിട്ടിയിട്ടില്ലെന്ന് പൊലീസ്
text_fieldsതലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യങ്ങളുമായി ബി.ജെ.പിയുടെ പ്രകടനം. 'അഞ്ചുനേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്കുവിളിയും കേൾക്കില്ല' തുടങ്ങിയ വർഗീയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ഉടനീളം ഉയർത്തിയത്.
യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ കൊല്ലെപ്പട്ടതിന്റെ 22ാം വാർഷികത്തോടനുബന്ധിച്ച് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി ബുധനാഴ്ച തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷമുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ബി.ജെ.പി സംസ്ഥാന, ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.
തലശ്ശേരി സംഗമം കവലയിൽ നിന്ന് തുടങ്ങിയ പ്രകടനം പുതിയ ബസ്സ്റ്റാൻഡിൽ സമാപിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രഞ്ജിത്ത്, കെപി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, ബി.ജെ.പി ജില്ല പ്രസിഡന്‍റ് എൻ ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ. സുരേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഫുൽ കൃഷ്ണ തുടങ്ങിയ നേതാക്കൾ വിദ്വേഷമുദ്രാവാക്യം വിളിക്കുേമ്പാൾ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയാണ് ജയകൃഷ്ണൻ അനുസ്മരണം ഉദ്ഘാടനം ചെയ്തത്.
അതേസമയം, സംഭവത്തെ കുറിച്ച് ആരും പരാതിപ്പെട്ടിട്ടില്ലെന്നും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും തലശ്ശേരി പൊലീസ് 'മാധ്യമം ഓൺലൈനി'നോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.