തലശ്ശേരിയിൽ ബോംബ് സ്ഫോടനം; പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി
text_fields
തലശ്ശേരി: ധർമടം മേലൂരിൽ ബോംബേറ്. ഞായറാഴ്ച അർധരാത്രിയാണ് മേലൂർ ചെഗുവേര ക്ലബിന് സമീപം റോഡിൽ ബോംബേറുണ്ടായത്. കഴിഞ്ഞ മാസം 13ന് രാത്രി സി.പി.എം, ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ സംഘർഷം നടന്ന പ്രദേശത്ത് തന്നെയാണ് ബോംബേറുണ്ടായത്. ഇവിടെ സി.പി.എം സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച കൊടികളും കൊടിമരവും കാണാതായി. ഇതുസംബന്ധിച്ച പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിൽ ബി.ജെ.പിയുടെ ചിഹ്നസ്തൂപം തള്ളിയിട്ടു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച അർധരാത്രി ബോംബേറുണ്ടായത്. അന്നത്തെ അനിഷ്ട സംഭവങ്ങളെത്തുടർന്ന് സ്ഥലത്ത് പൊലീസിനെ വിന്യസിച്ച് പ്രദേശം നിരീക്ഷണത്തിലാക്കിയിരുന്നു. പൊലീസ് പിൻവാങ്ങിയതോടെയാണ് പ്രദേശത്ത് വീണ്ടും ക്രമസമാധാനപ്രശ്നം ഉടലെടുത്തത്.
സംഭവമറിഞ്ഞ് തലശ്ശേരി എ.എസ്.പി വിഷ്ണുപ്രദീപ്, ധർമടം സി.ഐ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഐസ്ക്രീം ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടന ശബ്ദം കിലോമീറ്ററുകൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ധർമടം പൊലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി.
പ്രദേശത്ത് സ്ഫോടക വസ്തുക്കൾക്കായി പൊലീസ് റെയ്ഡ് നടത്തി. ഇവിടെ വീണ്ടും പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 13ന് രാത്രി വീടുകയറി അക്രമവും തിരിച്ചടിയും നടന്ന കേസിൽ ഇരുവിഭാഗത്തിലുംപെട്ടവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സ്ഥലത്ത് സമാധാനമുണ്ടാക്കാനും ധർമടം പൊലീസ് വിളിച്ചുചേർത്ത യോഗത്തിൽ ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ, പിന്നീടും പ്രശ്നങ്ങളുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.