അറുതിയില്ലാത്ത ബോംബ് രാഷ്ട്രീയം
text_fieldsതലശ്ശേരി: നിരപരാധിയായ വയോധികനെ കുരുതി കൊടുത്ത് വീണ്ടും ബോംബ് സ്ഫോടനം. രാഷ്ട്രീയ പ്രവർത്തകർ മരണത്തിന് ഇരകളാവുന്ന സംഭവത്തിന് വിപരീതമായി കേൾവിക്കുറവുള്ള വയോധികൻ കൊല്ലപ്പെട്ട സംഭവം നാട്ടുകാരെ ഭീതിയിലാഴ്ത്തി. ജില്ലയിൽ ബോംബ് നിർമാണവും ശേഖരവും വ്യാപകമാണെന്ന സൂചനയാണ് എരഞ്ഞോളി സംഭവം സൂചിപ്പിക്കുന്നത്. ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ സ്റ്റീൽ ബോംബ് എത്തിയതിന്റെ സമഗ്രാന്വേഷണത്തിലാണ് പൊലീസ്. തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ബോംബ് സ്ഫോടനത്തിൽ രാഷ്ട്രീയ പ്രവർത്തകരും നാടോടി ബാലികയുമടക്കം ഇരയായ നിരവധി സംഭവങ്ങൾ മുമ്പുണ്ടായിരുന്നു.
അതിൽനിന്ന് വ്യത്യസ്തമായിരുന്നു എരഞ്ഞോളിയിൽ ഇന്നലെയുണ്ടായ സംഭവം. പ്രത്യേകിച്ച് സംഘർഷമൊന്നുമില്ലാത്ത പ്രദേശത്ത് ബോംബ് എത്തിയതിന്റെ ഉറവിടം വ്യക്തമല്ല. പൊലീസ് ഇക്കാര്യം വിശദമായി പരിശോധിക്കുകയാണ്. തേങ്ങ പെറുക്കുന്നതിനിടെ മുറ്റത്ത് കണ്ട മണ്ണ് പുരണ്ട സ്റ്റീൽ പാത്രം എന്താണെന്നറിയാനുള്ള കൗതുകത്തിൽ മുട്ടി തുറന്നതായിരുന്നു 85 കാരനായ വേലായുധൻ. ഉടൻ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ട് പരിസരവാസികൾ എത്തുമ്പോൾ വലതു കൈ അറ്റുത്തൂങ്ങി ചോരയിൽ കുളിച്ച നിലയിലായിരുന്നു ഇദ്ദേഹം. മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആംബുലൻസിൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് ജില്ലയിലെ ബോംബ് രാഷ്ട്രീയത്തിന് ഇരയായി ഒരുനിരപരാധിക്ക് കൂടി ജീവൻ നഷ്ടമായത്. എരഞ്ഞോളി കുടക്കളം റോഡിൽ പഞ്ചായത്ത് ഓഫിസിന് സമീപം ആയിനിയാട്ട് മീത്തൽ പറമ്പിൽ വീട്ടിൽ വേലായുധനാണ് (85) സ്റ്റീൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച കണ്ണോളി വി.എം. മോഹൻദാസും കുടുംബവും താമസിച്ച വീട്ടിലായിരുന്നു സ്ഫോടനം. കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയതിനാൽ നാലുവർഷത്തോളമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഈ വീടിന്റെ ഏതാനും വീടുകൾക്കപ്പുറമാണ് മരിച്ച വേലായുധന്റെ വീട്. കൂലിപ്പണിക്കാരനായിരുന്നു മരിച്ച വേലായുധൻ. പ്രായാധിക്യം കാരണം ജോലിക്ക് പോകാറില്ല.
പരിസരത്തെ വീട്ടുപറമ്പിൽ വീണുകിടക്കുന്ന തേങ്ങയും അടക്കയും മറ്റും പതിവായി പെറുക്കിയെടുത്ത് കടകളിൽ കൊണ്ടുപോയി വിൽക്കാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. കണ്ണൂർ ഡി.ഐ.ജി തോംസൺ, സിറ്റി പൊലീസ് കമീഷണർ എസ്. അജിത്ത് കുമാർ, തലശ്ശേരി എ.എസ്.പി കെ.എസ്. ഷഹൻഷാ, സ്റ്റേഷൻ ഹൗസ് ഓഫിസർ ബിജു ആന്റണി, എസ്.ഐ നിഖിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഫോടനം നടന്ന പറമ്പും ചുറ്റുവട്ട പ്രദേശങ്ങളും പരിശോധിച്ചു.
കണ്ണൂരിൽനിന്ന് ബോംബ്-ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ, വൈസ് പ്രസിഡന്റ് ബിജു, വാർഡംഗം നിമിഷ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കോൺഗ്രസ് നേതാക്കളായ വി.എ. നാരായണൻ, സജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ, സുശീൽ ചന്ത്രോത്ത് തുടങ്ങിയവർ സ്ഫോടന സ്ഥലം സന്ദർശിച്ചു. അസ്വാഭാവിക മരണത്തിന് തലശ്ശേരി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.