തലശ്ശേരിയിൽ ബസ് തൊഴിലാളികളുടെ പണിമുടക്ക്
text_fieldsതലശ്ശേരി: കോടതി വിധി കാറ്റിൽപറത്തി തലശ്ശേരിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ സമരം. തിങ്കളാഴ്ച രാവിലെ തലശ്ശേരി ബസ് സ്റ്റാൻഡിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ഒരു കൂട്ടം ബസ് ജീവനക്കാരാണ് മിന്നൽ സമരം പ്രഖ്യാപിച്ച് യാത്രക്കാരെ പെരുവഴിയിലാക്കിയത്. പൊലീസിനെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് ആളുകൾ നോക്കിനിൽക്കെ ബസ് സ്റ്റാൻഡിൽ അരങ്ങേറിയത്.
മിന്നൽ പണിമുടക്കിൽ കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ വാഹനം കിട്ടാതെ പൊരിവെയിലത്ത് വലഞ്ഞു. ഓട്ടോകളും ചുരുക്കം കെ.എസ്.ആർ.ടി.സി ബസുകളുമാണ് ഉച്ചവരെ വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് ആശ്രയമായത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ വിവിധ റൂട്ടുകളിലേക്ക് ഓടാൻ തയാറായി നിന്ന ബസുകളെ സമരമാണെന്ന് പ്രഖ്യാപിച്ച് ജീവനക്കാരിൽ ചിലർ തടഞ്ഞു. കാരണം പോലും വ്യക്തമാക്കാതെയായിരുന്നു ചിലർ പണിമുടക്കിനിറങ്ങിയത്. യാത്രക്കാർ രാവിലെ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പണിമുടക്കാണെന്ന് അറിയുന്നത്. കരിയാട് -കണ്ണൂർ റൂട്ടിൽ സർവിസ് നടത്തുന്ന സീന ബസ് കണ്ടക്ടർ ചക്കരക്കല്ല് മൗവഞ്ചേരി സ്വദേശി എക്കാലിൽ സത്യാനന്ദനെ(59) പോക്സോ കേസിൽ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കിനിറങ്ങിയത്. വിദ്യാർഥിനികളെ യാത്രക്കിടെ പീഡിപ്പിച്ചെന്നാണ് കണ്ടക്ടർക്കെതിരെയുള്ള കേസ്.
എന്നാൽ, വസ്തുതകൾ അന്വേഷിക്കാതെ കണ്ടക്ടറെ പോക്സോ കേസിൽ കുടുക്കി ജയിലിലടച്ചെന്നാണ് ഒരു വിഭാഗം ബസ് ജീവനക്കാർ പറയുന്നത്. രാവിലെ തലശ്ശേരി ബസ് സ്റ്റാൻഡിൽ സമരത്തിലേർപ്പെട്ട ജീവനക്കാർ സി.ഐ എം. അനിൽ, എസ്.ഐ ദീപ്തി എന്നിവരുമായി വാക്ക് തർക്കമുണ്ടായി. തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫിസിൽ തലശ്ശേരി സി.ഐ എം. അനിൽ, തലശ്ശേരി ജോയന്റ് ആർ.ടി.ഒ ഷാനവാസ് കരീം, ബസ് ഉടമസ്ഥ സംഘം ഭാരവാഹികളായ കെ. വേലായുധൻ, കെ.കെ. ജിനചന്ദ്രൻ, കെ. പ്രേമാനന്ദൻ, ട്രേഡ് യൂനിയൻ നേതാക്കളായ വി.പി. മുകുന്ദൻ, ശ്രീധരൻ, പ്രസന്നൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉച്ചയോടെ പണിമുടക്ക് അവസാനിപ്പിക്കാൻ തീരുമാനമായി.
കണ്ണൂർ, മാഹി, വടകര, കോഴിക്കോട്, ചൊക്ലി, പെരിങ്ങത്തൂർ, കടവത്തൂർ, കരിയാട്, പാനൂർ, പൊയിലൂർ, തൊട്ടിൽപ്പാലം, മേലൂർ, അണ്ടല്ലൂർ, പിണറായി, മമ്പറം, അഞ്ചരക്കണ്ടി, ചക്കരക്കല്ല്, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിലുള്ള യാത്രക്കാരാണ് ബസ് പണിമുടക്കിൽ വലഞ്ഞത്.
പൊലീസ് നടപടിയിൽ പ്രതിഷേധം
തലശ്ശേരി: തലശ്ശേരി -കണ്ണൂർ റൂട്ടിലോടുന്ന സീന ബസിലെ കണ്ടക്ടർ ഏക്കാലിൽ സത്യനാനന്ദനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പി. ജനാർദനൻ പ്രതിഷേധിച്ചു.
ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം നടത്താതെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത് ബസ് വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും തൊഴിലാളികൾക്ക് നിർഭയം തൊഴിൽ ചെയ്യാനുള്ള സാഹചര്യമാണ് അധികൃതർ ഒരുക്കേണ്ടതെന്നും ജനാർദനൻ പറഞ്ഞു. മിന്നൽ പണിമുടക്കിനെ ന്യായീകരിക്കാൻ കഴിയില്ലെങ്കിലും ചില സംഭവങ്ങളെ ഗൗരവത്തിലെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
മിന്നൽ പണിമുടക്കിനോട് ബസ് ഉടമകൾ യോജിക്കുന്നില്ല. പണിമുടക്ക് ഒരു വിഭാഗം ജീവനക്കാർ അവരുടെ ഇഷ്ടപ്രകാരം തീരുമാനിച്ച് നടത്തിയാണ്. പ്രതിസന്ധിയിൽ നീങ്ങുന്ന ബസ് വ്യവസായത്തിന് ഇത് ഒട്ടും ആശ്വാസകരമല്ല.
കെ. വേലായുധൻ (പ്രസിഡന്റ്, തലശ്ശേരി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ)
ബസ് ജീവനക്കാർ പണിമുടക്കിയത് യൂനിയൻ അറിഞ്ഞല്ല, ജീവനക്കാർക്കിടയിലുണ്ടായ പ്രയാസമാകാം അവരെ അതിന് പ്രേരിപ്പിച്ചതെന്ന് മനസ്സിലാക്കുന്നു. നിരവധി വർഷം ബസിൽ കണ്ടക്ടറായി ജോലി ചെയ്തയാൾക്കെതിരെ പോക്സോ കേസെടുക്കാൻ മാത്രം തെറ്റുചെയ്തെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
വി.പി. മുകുന്ദൻ (മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ സി.ഐ.ടി.യു ഡിവിഷൻ സെക്രട്ടറി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.