തലശ്ശേരി എ.എസ്.പി ഓഫിസ് മാർച്ച്: പി.കെ. കൃഷ്ണദാസ് ഉൾപ്പെടെ 250 ബി.ജെ.പിക്കാർക്കെതിരെ കേസ്
text_fieldsതലശ്ശേരി: നഗരത്തിൽ അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തിയതിന് ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണണദാസ് ഉൾപ്പെടെ 250 ബി.ജെ.പിക്കാർക്കെതിരെ കേസ്.
പുന്നോൽ ഹരിദാസ് കൊലക്കേസിൽ ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെയാണ് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി എ.എസ്.പി ഓഫിസിലേക്ക് പ്രവർത്തകരും നേതാക്കളും മാർച്ച് നടത്തിയത്.
മാർച്ച് തുടങ്ങിയതുമുതൽ ദേശീയപാതയടക്കം ഏറെനേരം ഗതാഗതക്കുരുക്കിലായിരുന്നു.
ബി.ജെ.പിക്ക് പങ്കില്ല –പി.കെ. കൃഷ്ണദാസ്
തലശ്ശേരി: പുന്നോലിലെ സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ബി.ജെ.പി പ്രവർത്തകർ നടത്തിയ തലശ്ശേരി എ.എസ്.പി ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം നേതൃത്വവും സ്വന്തക്കാരായ പൊലീസ് ഓഫിസർമാരും തമ്മിലുണ്ടാക്കിയ തിരക്കഥയാണ് ബി.ജെ.പിക്കാരുടെ അറസ്റ്റിനുപിന്നിൽ. പ്രതികളെ നിശ്ചയിക്കുന്നത് സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ നിന്നാണ്. ബി.ജെ.പി-ആർ.എസ്.എസിനെ ഇല്ലാതാക്കാനാണ് സി.പി.എമ്മിന്റെ പൊലീസ് ഓഫിസർമാർ ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. ബിജു ഏളക്കുഴി അധ്യക്ഷത വഹിച്ചു. എം.ആർ. സുരേഷ് സ്വാഗതം പറഞ്ഞു. കെ. രഞ്ജിത്ത്, പി. സത്യപ്രകാശ്, കെ. അജേഷ്, എം.പി. സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു.
കൂത്തുപറമ്പ് എ.സി.പി സജേഷ് വാഴവളപ്പിലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം തലശ്ശേരി സബ് ട്രഷറിക്കുസമീപം ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റി മാർച്ച് മുന്നേറാനുള്ള ശ്രമമുണ്ടായെങ്കിലും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.